ഒരു സെക്കന്‍ഡില്‍ സ്വപ്നം തകര്‍ന്നു; മൂന്നാംലിംഗത്തില്‍പെട്ട പ്രിതിക കോടതിയിലേക്ക്
text_fieldsചെന്നൈ: നൂറുമീറ്റര്‍ ഓട്ടം തികക്കാന്‍ ഒരു സെക്കന്‍ഡ് കൂടി ലഭിച്ചിരുന്നെങ്കില്‍ സേലം സ്വദേശി പ്രിതിക യാഷ്നി രാജ്യത്തെ ആദ്യത്തെ മൂന്നാംലിംഗക്കാരിയായ പൊലീസ് ഓഫിസര്‍ ആകുമായിരുന്നു. കളിക്കളത്തിലും കോടതിയിലും പോരാടി നേടുമെന്നുറപ്പിച്ച ജോലി ‘അവസാനലാപ്പി’ല്‍ ഒരുസെക്കന്‍ഡിന്‍െറ വ്യത്യാസത്തില്‍ കൈവിട്ടുപോയനിമിഷം അവര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തളര്‍ന്നുവീണു. വീണ്ടും പോരാടേണ്ടിവരും എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞാണ് അവര്‍ സ്റ്റേഡിയം വിട്ടത്.
തമിഴ്നാട് പൊലീസിലേക്ക് നടത്തിയ സബ് ഇന്‍സ്പെക്ടര്‍ കായികക്ഷമതാ പരിശോധനയില്‍ കോടതി ഉത്തരവോടെ പരീക്ഷയെഴുതിയ മൂന്നാംലിംഗക്കാരിയായ പ്രിതിക യാഷ്നി സുപ്രധാന കടമ്പ കടന്നെങ്കിലും 100 മീറ്റര്‍ സ്പ്രിന്‍റില്‍ നിശ്ചിതസമയത്ത് വിജയിക്കാനായില്ല.
സേലം കന്തംപട്ടി സ്വദേശിയായ കെ. പ്രിതിക യാഷ്നിയുടെ (24) പോരാട്ടം തുടങ്ങുന്നത് അഞ്ചുവര്‍ഷം മുമ്പാണ്. പഠനകാലത്ത് പൊലീസ് സബ്ഇന്‍സ്പെക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ പരിശീലനം തുടങ്ങി. ഈവര്‍ഷം ആദ്യം എസ്.ഐ പരീക്ഷക്ക് അപേക്ഷിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെയും അപേക്ഷയിലെയും പേരും ലിംഗവിഭാഗവും സംബന്ധിച്ച പൊരുത്തക്കേട് ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ നിരസിച്ചു. മൂന്നാംലിഗക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ വകുപ്പില്ളെന്നും അവര്‍ അറിയിച്ചു.
സ്കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ കെ. പ്രദീപ്കുമാറെന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കെ. പ്രിതിക യാഷ്നി എന്ന പേര് സ്വീകരിച്ചു. മൂന്നാംലിംഗത്തിലേക്ക് മാറിയെന്നത് സര്‍ക്കാര്‍ ഗസറ്റില്‍ നല്‍കി ഒൗദ്യോഗിക അംഗീകാരവും സമ്പാദിച്ചു. ഇത് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് പരീക്ഷയെഴുതിയത്. പൊലീസില്‍ മൂന്നാംലിംഗക്കാരെ പരിഗണിക്കാത്തതിനാല്‍ പ്രിതിക യാഷ്നിയെ സ്ത്രീവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഉയര്‍ന്ന മാര്‍ക്കോടെ എഴുത്തുപരീക്ഷ വിജയിച്ച പ്രിതിക മൂന്നാംലിംഗക്കാരുടെ പ്രതീക്ഷയായി വളര്‍ന്നു. കഴിഞ്ഞദിവസം തുടങ്ങിയ കായികക്ഷമതാ പരിശോധനയില്‍ എല്ലാ ഇനങ്ങളിലും വിജയിച്ചു. രണ്ടാംദിവസം അവസാന ഇനമായി കടന്നുവന്ന 100 മീറ്റര്‍ സ്പ്രിന്‍റില്‍ നിശ്ചിതസമയം കഴിഞ്ഞ് ഒരു സെക്കന്‍ഡ് ശേഷിക്കവെയാണ് ഫിനിഷിങ് ലൈന്‍ കടന്നത്. ഇതോടെ, ഇവര്‍ പുറത്തായി. പൊലീസ് അധികൃതരില്‍നിന്ന് തനിക്കുവേണ്ട പിന്തുണ ലഭിച്ചില്ളെന്നാണ് ഇവരുടെ പരാതി. കോടതിയിലാണ് തന്‍െറ പ്രതീക്ഷയെന്നും പ്രിതിക പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
