കായികമേഖലയിലെ കുറവുകള്‍ പരിഹരിക്കണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശരിയായ ദിശാബോധത്തോടെ നീങ്ങി കായികമേഖലയിലെ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണ്ടതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമെങ്കിലും തുടങ്ങിവെക്കുന്ന കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടാകാറില്ല. ഇത് കായികമേഖലയെ പിന്നോട്ടടിക്കുന്നു. നിലവില്‍ കായികരംഗത്ത് കേരളം രാജ്യത്ത് മുന്‍പന്തിയിലാണെങ്കിലും ഒളിമ്പിക്സ് മെഡലുകള്‍ നേടാന്‍ ഇനിയുമേറെ പോകേണ്ടതുണ്ട്. അതിന് ചെറുപ്രായത്തിലേ കുട്ടികളില്‍നിന്ന് പ്രതിഭകളെ കണ്ടത്തെണം. പക്ഷേ, അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ആ തെറ്റു തിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വിദ്യാഭ്യാസ-സ്പോര്‍ട്സ് വകുപ്പുകള്‍ കൈകോര്‍ത്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത മലയാളി താരങ്ങളായ പി.ആര്‍. ശ്രീജേഷ്, അനില്‍ഡ തോമസ്, ടി. ഗോപി, ഒ.പി. ജെയ്ഷ, ജിന്‍സണ്‍ ജോണ്‍സണ്‍, പി. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, രഞ്ജിത്ത് മഹേശ്വരി, സാജന്‍ പ്രകാശ്, പരിശീലകരായ പി. രാധാകൃഷ്ണന്‍, പ്രദീപ്കുമാര്‍, പി. മുഹമ്മദുകുഞ്ഞി, എന്‍.വി. നിഷാദ് കുമാര്‍, പി.വി. ജയകുമാര്‍, റഫറിമാരായിരുന്ന വി.എന്‍. പ്രസൂദ്, എസ്. മുരളീധരന്‍, എസ്. രാജീവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒളിമ്പ്യന്മാര്‍ക്ക് മൂന്നുലക്ഷം രൂപയും ഫലകവും പൊന്നാടയുമാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. അതേസമയം, സ്വീകരണച്ചടങ്ങില്‍നിന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷയും ഉഷാ സ്കൂളിലെ താരങ്ങളായ ടിന്‍റു ലൂക്കയും ജിസ്ന മാത്യുവും വിട്ടുനിന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, എം.എല്‍.എ വി.എസ്. ശിവകുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേഴ്സികുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ സ്വാഗതവും സെക്രട്ടറി സഞ്ജയന്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
