ജംബോ സംഘവുമായി ചൈന റിയോയിലേക്ക്
text_fieldsബെയ്ജിങ്: 35 ഒളിമ്പിക്സ് ചാമ്പ്യന്മാരടക്കം 416 പേരുടെ ജംബോസംഘവുമായി ചൈന റിയോയിലേക്ക്. 160 പുരുഷ അത്ലറ്റുകളും 256 വനിതാ അത്ലറ്റുകളുമായി 210 ഇനങ്ങളില്‍ ചൈനീസ് താരങ്ങള്‍ ലോകകായികമേളയില്‍ മാറ്റുരക്കും. ചൈനീസ് ഒളിമ്പിക്സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പങ്കാളിത്തം കൂടിയാകും റിയോയില്‍ ഇത്തവണ. ബെയ്ജിങ് വേദിയായ 2008 ഒളിമ്പിക്സിലായിരുന്നു ചൈനയുടെ ഏറ്റവും വലിയ പങ്കാളിത്തം. 599 പേരുടെ സംഘമാണ് അന്ന് മാറ്റുരച്ചത്. 2004 ആതന്‍സ് ഒളിമ്പിക്സില്‍ 384ഉം, 2012 ലണ്ടനില്‍ 375ഉം പേരാണ് ട്രാക്കിലും ഫീല്‍ഡിലും വിവിധ ഗെയിംസ് ഇനങ്ങളിലുമായി മത്സരിച്ചത്.
29 വിദേശ കോച്ചുമാരടക്കം ഒഫീഷ്യലും സഹായികളുമായി 711 അംഗസംഘത്തെയാണ് അയക്കുന്നതെന്ന് സ്പോര്‍ട്സ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കായ് സെന്‍ഹുവ അറിയിച്ചു. വിദേശമണ്ണിലെ ഒളിമ്പിക്സിന് രാജ്യമയക്കുന്ന ഏറ്റവും വലിയ സംഘമെന്ന പ്രത്യേകതയുമുണ്ട്. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4x200 മീ. ഫ്രീസ്റ്റൈല്‍ റിലേകളില്‍ മത്സരിക്കുന്ന 14കാരിയായ നീന്തല്‍ താരം അയ് യാന്‍ഹാനാണ് സംഘത്തിലെ ‘ബേബി’. ബെയ്ജിങ് ഒളിമ്പിക്സിലെ ഷൂട്ടിങ് ചാമ്പ്യന്‍ 39കാരനായ ചെന്‍ യിങ്ങാണ് മുതിര്‍ന്നതാരം. ഇദ്ദേഹത്തിന്‍െറ നാലാമത്തെ ഒളിമ്പിക്സ് ട്രിപ്പാണിത്. ടേബ്ള്‍ ടെന്നിസ്, ബാഡ്മിന്‍റണ്‍, ജിംനാസ്റ്റിക്സ്, വെയ്റ്റ് ലിഫ്റ്റിങ്, ഷൂട്ടിങ്, ഡൈവിങ് അടക്കമുള്ള പരമ്പരാഗത ഇനങ്ങളില്‍ പരമാവധി മെഡല്‍ കൊയ്യാനാണ് ചൈനയുടെ ലക്ഷ്യം.
2012ല്‍ 38 സ്വര്‍ണം, 29 വെള്ളി, 21 വെങ്കലം അടക്കം 88 മെഡലുമായി അമേരിക്കക്കു പിന്നില്‍ (46-28-29) രണ്ടാം സ്ഥാനത്തായിരുന്നു ചൈന. 2008ല്‍ സ്വന്തം മണ്ണില്‍ 51 സ്വര്‍ണം, 21 വെള്ളി, 29 വെങ്കലം അടക്കം 100 മെഡലുമായി ഒന്നാം സ്ഥാനത്തായിരുന്നു.
ലണ്ടനില്‍ ജിംനാസ്റ്റിക്സില്‍ 12ഉം, ഡൈവിങ്ങിലും നീന്തലിലും 10 വീതവും ബാഡ്മിന്‍റണില്‍ എട്ടും മെഡലുകള്‍ നേടി. ഡൈവിങ്ങില്‍ ആറ് സ്വര്‍ണം പിറന്നപ്പോള്‍ ജിംനാസ്റ്റിക്സ്, നീന്തല്‍, ബാഡ്മിന്‍റണ്‍, വെയ്റ്റ് ലിഫ്റ്റിങ് ഇനങ്ങളില്‍ അഞ്ച് സ്വര്‍ണം വീതവും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
