ഗുസ്തി ഫെഡറേഷൻ വിലക്ക് പിൻവലിച്ചു; സഞ്ജയ് സിങ് തിരിച്ചെത്തും
text_fieldsന്യൂഡൽഹി: 14 മാസം നീണ്ട നിയമയുദ്ധത്തിനും നീക്കങ്ങൾക്കുമൊടുവിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷൻ കേന്ദ്ര കായിക മന്ത്രാലയം പിൻവലിച്ചു. ലൈംഗിക പീഡന പരാതികളിൽ പ്രതിസ്ഥാനത്തായിരുന്ന മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ പിൻഗാമി സഞ്ജയ് സിങ്ങിന് ഇതോടെ ഫെഡറേഷനിൽ സമ്പൂർണ അധികാരം തിരിച്ചുകിട്ടും.
2023 ഡിസംബർ 24നാണ് മന്ത്രാലയം ഫെഡറേഷന് സസ്പെൻഷൻ ഏർപ്പെടുത്തിയത്. ദൈനംദിന നടത്തിപ്പിന് അഡ്ഹോക് പാനൽ രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. വിഷയം പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചും പ്രശ്നപരിഹാരത്തിന് ഫെഡറേഷൻ സ്വീകരിച്ച നടപടികൾ പരിഗണിച്ചും ഒപ്പം ഇന്ത്യൻ കായിക മേഖലയുടെ വിശാല താൽപര്യം മാനിച്ചും വിലക്ക് എടുത്തുകളയുന്നുവെന്നാണ് വിശദീകരണം.
ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാനും താരങ്ങൾക്ക് അന്താരാഷ്ട്ര വേദികളിൽ പങ്കെടുക്കാനും ഇതോടെ ഫെഡറേഷനാകും. ലൈംഗിക പീഡനമുൾപ്പെടെ കടുത്ത ആരോപണമുയർന്ന മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും തന്റെ വിശ്വസ്തനായ പിൻഗാമി സഞ്ജയ് സിങ്ങും നേതൃത്വം നൽകിയ ഫെഡറേഷനെതിരെ താരങ്ങൾ കോടതി കയറിയിരുന്നു. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പീഡന പരാതി ഉന്നയിച്ചത്.
സുപ്രീംകോടതി ഇടപെട്ടതിനെ തുടർന്ന് ഡൽഹി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തു. 2023 ജൂണിൽ 1000 പേജ് വരുന്ന കുറ്റപത്രവും സമർപ്പിച്ചു.
ഗൂഢാലോചകർക്ക് വിജയിക്കാനായില്ല –ബ്രിജ് ഭൂഷൺ
ലഖ്നോ: നീതി നടപ്പായെന്നും ഗൂഢാലോചകർ പരാജയപ്പെട്ടെന്നും മന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി ബ്രിജ് ഭൂഷൺ ശരൺ സിങ്. തെരഞ്ഞെടുപ്പ് നടത്തി മൂന്നു ദിവസത്തിനിടെ സസ്പെൻഡ് ചെയ്യപ്പെട്ട സമിതിയെയാണ് മന്ത്രാലയം പുനഃസ്ഥാപിച്ചത്.
ബ്രിജ് ഭൂഷന്റെ പരിസരത്തുനിന്ന് ഓഫിസ് മാറ്റുന്നതടക്കം നടപടികൾ ഫെഡറേഷൻ സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അംഗീകാരം നൽകിയത്. ബ്രിജ് ഭൂഷൺ ജൂനിയർ താരങ്ങളെ പീഡിപ്പിക്കുകയാണെന്നും ഫെഡറേഷൻ അഴിച്ചുപണിയണമെന്നും രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രങ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.