ഗോളിലല്ല, വിജയത്തിലാണ് കാര്യം –ഒഗ്ബച്ചെ
text_fieldsദുബൈ: ‘കടക്കെണിയിലായ’ കേരള ബ്ലാസ്റ്റേഴ്സ് ഇൗ സീസണിൽ ആകെ അടിച്ചുകൂട്ടിയത് 29 ഗോൾ. അ തിൽ പകുതിയും പിറന്നതാവെട്ട ഒരു ബൂട്ടിൽ നിന്ന്. ലീഗിലെ ടോപ് സ്കോററായിട്ടും (15 ഗോൾ) ടീമിനെ കരക്കെത്തിക്കാൻ കഴിയാതെ പോയ കപ്പിത്താനാണ് ഒഗ്ബച്ചെ. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കുടിയേറിപ്പാർത്തവൻ. 17ാം വയസ്സിൽ പി.എസ്.ജിയിലൂടെ സ്വപ്നതുല്യമായ അരങ്ങേറ്റം. ഒരു വർഷത്തിനപ്പുറം നൈജീരിയൻ ദേശീയ ടീമിൽ.
14 ക്ലബുകൾ താണ്ടിയ രണ്ടു പതിറ്റാണ്ടിെൻറ കരിയറിനൊടുവിൽ മഞ്ഞപ്പടയുടെ അമരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിൽ. സ്വകാര്യ പരിപാടിക്ക് ദുബൈയിലെത്തിയ ബ്ലാസ്റ്റേഴ്സ് നായകൻ ‘മാധ്യമ’വുമായി സംസാരിക്കുന്നു.
ഗോളടിച്ചു കൂട്ടിയിട്ടും ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ഒറ്റവാക്കിൽ പറഞ്ഞാൽ നിരാശജനകമായിരുന്നു സീസൺ. ഞാൻ എത്ര ഗോളടിച്ചു എന്നത് വിഷയമേയല്ല. അത് വ്യക്തിപരമായ നേട്ടം മാത്രമാണ്. അതിൽ കാര്യമില്ല. ടീം ജയിക്കുേമ്പാഴാണ് വിജയം പൂർണമാകുന്നത്. സീസണിെൻറ തുടക്കം മികച്ചതായിരുന്നു. എൽക്കോ ഷാറ്റോറിയുടെ സാന്നിധ്യം ഗുണം ചെയ്തു. പക്ഷേ, നിർഭാഗ്യവും പരിക്കും പ്രകടനത്തെ ബാധിച്ചു.
മറ്റു ഫോർവേഡുകളുടെ അഭാവം പ്രകടനത്തെ ബാധിച്ചോ?
അങ്ങനെ പറയാൻ കഴിയില്ല. മധ്യനിരയെയും പ്രതിരോധനിരയെയും കുറച്ചുകാണുന്നതിന് തുല്യമാണത്. അവർ എത്തിച്ചുതന്ന പാസുകളാണ് ഞാൻ ഗോളാക്കിയത്. ഇക്കാര്യത്തിൽ അവരോട് കടപ്പാടുണ്ട്. സ്കോർഷീറ്റ് നോക്കുേമ്പാൾ ഫോർവേഡ് മാത്രമാണ് താരം. എന്നാൽ, ഇതൊരു ടീം വർക്കാണ്.

മലയാളി യുവതാരങ്ങളുടെ പ്രകടനം?
ഹോം ഗ്രൗണ്ട് താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നത് സന്തോഷകരമാണ്. അതിൽ അഭിമാനിക്കുന്നു. കെ.പി. രാഹുലും സഹൽ അബ്ദുൽ സമദും അബ്ദുൽ ഹക്കുവുമെല്ലാം ഭാവിയുള്ള താരങ്ങളാണ്. ഒാരോ മത്സരം കഴിയുേമ്പാഴും അവർ മെച്ചപ്പെട്ടു വരുന്നു.
എന്തുകൊണ്ടാണ് ഇന്ത്യൻ ഫുട്ബാൾ വളരാത്തത്?
ഇന്ത്യൻ ഫുട്ബാൾ വളർച്ചയുടെ പാതയിലാണ്. കുറച്ചുനാളായി ഇത് വ്യക്തവുമാണ്. ഫിഫ റാങ്കിങ്ങിലെ കുതിച്ചുകയറ്റം ഇതാണ് സൂചിപ്പിക്കുന്നത്.
െഎ.എസ്.എൽ ഇന്ത്യയിലുണ്ടാക്കിയ ചലനങ്ങളുടെ പ്രതിഫലനമാണിത്. ഭാവിയിൽ ഇന്ത്യയിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കാം.
കേരളത്തിലെ ഫുട്ബാൾ ഫാൻസിനെ കുറിച്ച്?
വിസ്മയിപ്പിക്കുന്ന ഫാൻസാണ് കേരളത്തിലുള്ളത്. മലപ്പുറം, കാസർകോട്, കോഴിക്കോട് എല്ലാം ഫുട്ബാൾ ആരാധകരുടെ നാടാണെന്ന് കേട്ടിട്ടുണ്ട്. ‘മഞ്ഞപ്പട’ ഫാൻസും അത്ഭുതപ്പെടുത്തുന്നു. അവർ ആഗ്രഹിക്കുന്ന പ്രകടനം ഇനിയും നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

എന്തുകൊണ്ട് കൂടുതൽ നൈജീരിയൻ താരങ്ങൾ സെവൻസ് മൈതാനങ്ങളിൽ എത്തുന്നു ?
ഫുട്ബാൾ എന്നാൽ നൈജീരിയയുടെ ഹൃദയത്തുടിപ്പാണ്. നിങ്ങൾക്ക് ക്രിക്കറ്റ് പോലെയാണ് ഞങ്ങൾക്ക് ഫുട്ബാൾ. ലോകത്തിെൻറ എല്ലാ ഭാഗത്തും നൈജീരിയൻ താരങ്ങൾ കളിക്കുന്നുണ്ട്. കേരളത്തിൽ അവർക്ക് അവസരം കിട്ടുന്നതു കൊണ്ടും കളിക്കാനുള്ള അന്തരീക്ഷമുള്ളതുകൊണ്ടുമാണ് ഇവിടെ വരുന്നത്. അവർ ഇവിടെ വന്ന് കളിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.
