രണ്ടു മാസമായി ശമ്പളമില്ല; സ്പോർട്സ് കൗൺസിൽ പരിശീലകർ കളം വിടുന്നു
text_fieldsകൊച്ചി: ശമ്പള പ്രതിസന്ധിയിൽ വെട്ടിലായ സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിലെ വിവിധ പരിശീലകർ കളം വിടുന്നു. ഇതിനകം ഫുട്ബാൾ കോച്ചുമാരായ നാലുപേർ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങി. ദേശീയ മത്സരങ്ങളിൽ കേരള ടീമിനെ ഒന്നാമതെത്തിച്ച കോച്ചുമാരുൾപ്പെടെയാണ് കൗൺസിലിന്റെ പരിശീലക കുപ്പായമഴിച്ച് സ്വകാര്യ അക്കാദമികളിലേക്കും മറ്റും ചേക്കേറിയത്.
വോളിബാൾ കോച്ചായ ഒരാളും ജോലി വിട്ടു. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളം കിട്ടാനുണ്ടെന്ന് സ്പോർട്സ് കൗൺസിൽ വിട്ട പരിശീലകർ ചൂണ്ടിക്കാട്ടി. സ്ഥിരം പരിശീലകർക്കും കരാറുകാർക്കും ഒരുപോലെ പ്രതിസന്ധിയുണ്ട്. എറണാകുളത്തെ വനിത ഫുട്ബാൾ അക്കാദമി, ബോയ്സ് ഫുട്ബാൾ അക്കാദമി എന്നിവിടങ്ങളിലെ കോച്ചുമാരുൾപ്പെടെ ഇതിൽ പെടുന്നു. സ്ഥിരം കോച്ചായ ഒരാളും കൗൺസിലിൽ നിന്ന് നീണ്ട അവധിയെടുത്ത് പോയിട്ടുണ്ട്.
സ്ഥിരം ജീവനക്കാരുടെ ശമ്പളത്തേക്കാൾ വളരെ കുറവാണ് കരാറുകാരുടെ ശമ്പളം. മറ്റാനുകൂല്യങ്ങളില്ലാതിരുന്നിട്ടുപോലും വേതനം കൃത്യമായി നൽകാൻ കൗൺസിൽ തയാറാവുന്നില്ലെന്നാണ് പരാതി. എന്നാൽ, സ്ഥിരം ജീവനക്കാരുടെ ഇരട്ടിയോളമാണ് കരാറുകാരുടെ എണ്ണം. 2011നു ശേഷം കൗൺസിലിൽ സ്ഥിരനിയമനം നടത്തിയിട്ടില്ലെന്നും കരാറുകാരെ വെച്ച് തള്ളിനീക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കരാർ തസ്തികയിൽ പോലും ആളെ കിട്ടാനില്ലെന്നാണ് വിവരം.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിയമനത്തിനായി എത്താത്തതിനാൽ എൻ.ഐ.എസ് ഡിപ്ലോമ എന്ന അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിൽ പോലും ഇളവു നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഒരു വർഷത്തോളമായി കൗൺസിലിൽ പ്രതിസന്ധി തുടങ്ങിയിട്ട്. നേരത്തെ ശമ്പളം മൂന്നും നാലും മാസം മുടങ്ങിയിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് ശമ്പള പ്രതിസന്ധിക്കു കാരണമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

