കനകസ്വിംഹാസനം
text_fieldsവനിത വാട്ടർപോളോയിൽ സ്വർണം നേടിയ കേരള ടീം
ഏഴ് ദിവസമായി ഗോലാപാറിലെ മാനസ്ഖണ്ഡ് ടാരേണ്ടലിൽ നടന്ന അക്വാറ്റിക്സ് മത്സരങ്ങൾക്ക് സമാപനമായപ്പോൾ വാട്ടർപോളോ അടക്കം നീന്തൽക്കുളത്തിൽ നിന്ന് കേരളത്തിൽ നിന്ന് ലഭിച്ചത് അഞ്ച് സ്വർണമടക്കം ഒമ്പത് മെഡലുകൾ. അവസാനദിനം രണ്ട് സ്വർണവും ഒരു വെങ്കലവുമാണ് നേട്ടം. വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും ചാമ്പ്യനായ കേരളത്തിന്റെ ഹർഷിത ജയറാം ട്രിപ്പിൾ തികച്ചു. വനിത വാട്ടർപോളോയിലാണ് മറ്റൊരു സ്വർണം. പുരുഷ വാട്ടർപോളോയിൽ വെങ്കലവും നേടി. 3x3 പുരുഷ, വനിത ബാസ്കറ്റ്ബാളിൽ ലഭിച്ച വെള്ളി മെഡലുകളാണ് അക്വാറ്റിക്സിന് പുറത്ത് ഇന്നലെ കേരളത്തിന്റെ നേട്ടം.
അക്വാറ്റിക്സ് ഇനങ്ങളിൽ ആകെ 22 സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവും നേടി 37 മെഡലുകളുമായി കർണാടക താരങ്ങൾ നീന്തൽക്കുളം വാണു. ആറ് സ്വർണവും14 വെള്ളിയും 15 വെങ്കലവുമായി മഹാരാഷ്ട്രയാണ് രണ്ടാമത്. ഡൽഹിക്കും കേരളത്തിനും അഞ്ച് വീതം സ്വർണമാണ്. മൂന്ന് വെള്ളിയും ഒരു വെങ്കലുവുമുള്ള ഡൽഹിയാണ് മൂന്നാമത്. കേരളത്തിന് ഒരു വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. ഹർഷിതക്കും വാട്ടർപോളോ ടീമുകൾക്കും ടീമുകൾക്കും പുറമെ നീന്തലിൽ സജൻ പ്രകാശ് ഒരോ സ്വർണവും വെള്ളിയും രണ്ട് വെങ്കലവും കരസ്ഥമാക്കി.
കുട്ട നിറച്ച് വെള്ളി
ബാസ്കറ്റ്ബാളിൽ കേരളത്തിന് മൂന്ന് വെള്ളി മെഡലുകൾ. ഇന്നലെ 3x3 ബാസ്കറ്റ്ബാളില്‍ ഇരട്ട വെള്ളി നേടി. വനിത വിഭാഗം ഫൈനലിൽ കേരളം ശക്തരായ തെലങ്കാനയോട് പരാജയപ്പെട്ടു. 11-21 എന്ന സ്കോറിനായിരുന്നു തോല്‍വി. ഒന്നര മിനിറ്റ് ബാക്കിനില്‍ക്കെയായിരുന്നു തെലങ്കാനയുടെ വിജയം. പുരുഷ വിഭാഗത്തില്‍ മധ്യപ്രദേശിനെതിരായ മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമിരിക്കെ കേരളം 20-12 എന്ന സ്കോറിന് മുന്നിലായിരുന്നു.
ഒരു പോയന്റ് സ്വന്തമാക്കി സ്വര്‍ണം നേടാനുള്ള അവസരം ലഭിച്ചെങ്കിലും കേരളത്തിന് ഉപയോഗപ്പെടുത്താനായില്ല. മധ്യപ്രദേശ് അവസാന ഒരു മിനിറ്റ് ഉണര്‍ന്ന് കളിച്ച് നിശ്ചിത സമയം പിന്നിട്ടപ്പോള്‍ സമനില പിടിച്ചു. വിജയിയെ നിശ്ചയിക്കാന്‍ അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തില്‍ ആദ്യം രണ്ട് പോയന്റും സ്വർണവും മധ്യപ്രദേശ് കരസ്ഥമാക്കി. വനിത 3x3 ബാസ്കറ്റ്ബാളിലും കേരളത്തിന് വെള്ളിയായി.
1.വനിത 3x3 ബാസ്കറ്റ്ബാളിൽ വെള്ളി നേടിയ കേരള ടീം, 2. പുരുഷ 3x3 ബാസ്കറ്റ്ബാളിൽ വെള്ളി നേടിയ കേരള ടീം
കേരളത്തിന്റെ ജലറാണി
ഹൽദ്വാനി: 38ാമത് ദേശീയ ഗെയിംസിൽ കേരളം ഇതുവരെ നേടിയത് എട്ട് സ്വർണ മെഡലുകളാണ്. ഇതിൽ മൂന്നും മിന്റെ വക. വ്യക്തിഗത ഇനങ്ങളിൽ രണ്ട് സ്വർണം പോലും ലഭിച്ചവരില്ലെന്നിരിക്കെ ഇക്കുറി ഹർഷിതയെ വെല്ലാൻ ആരുമില്ല. നീന്തലിൽ വനിതകളുടെ 200 മീറ്റർ, 50 മീറ്റർ,100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് മത്സരങ്ങളിലാണ് തൃശൂർക്കാരിയായ റെയിൽവേ ഉദ്യോഗസ്ഥയുടെ നേട്ടം. അഞ്ച് ഇനങ്ങളിലാണ് ഹർഷിത മത്സരിച്ചത്. 200, 100 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരങ്ങളിൽ മെഡലില്ല. ഹർഷിതക്ക് ലഭിച്ച മൂന്ന് മെഡലുകളും സ്വർണമാണെന്ന് ചുരുക്കം. കഴിഞ്ഞ തവണ ഗോവയിൽ രണ്ട് സ്വർണമാണ് ലഭിച്ചത്.
100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ നിലവിലെ ദേശീയ റെക്കോഡുകാരി കൂടിയായ ഹർഷിത ഇന്നലെ ഒരു മിനിറ്റ് 14.34 സെക്കൻഡിൽ ഫിനിഷ് ചെയ്തു. മഹാരാഷ്ട്രക്കാരായ ഷാൻവി ദേശ്വാൾ വെള്ളിയും ജ്യോതി പാട്ടിൽ വെങ്കലും നീന്തിപ്പിടിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹർഷിത പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ മെഡൽ നേട്ടമാണ് സ്വപ്നം. പരിശീലനത്തിൽ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കണം. മികച്ച പരിശീലന സൗകര്യം ലഭിച്ചത് കൊണ്ടാണ് ഇത്തരത്തിൽ മെഡൻ നേടാൻ കഴിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. ബംഗളൂരുവിലാണ് ഹർഷിത കുടുംബസമേതം താമസം. കണ്ണൂർ സ്വദേശി ജയരാജാണ് പരിശീലകൻ.
ദേശീയ ഗെയിംസ് വനിത 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളത്തിന്റെ ഹർഷിത ജയറാമിന്റെ ആഹ്ലാദം
ഫുട്ബാളിൽ ഇന്ന് കേരളം-അസം സെമി
ഹൽദ്വാനി: 27 വർഷത്തെ ഇടവേളക്ക് ശേഷം ദേശീയ ഗെയിംസ് ഫുട്ബാൾ സ്വർണം തേടിയിറങ്ങുന്ന കേരളത്തിന് ബുധനാഴ്ച സെമി ഫൈനൽ പോരാട്ടം. ഉച്ചക്ക്12ന് ഗോലാപാർ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ് എ ചാമ്പ്യന്മാരായ അസമാണ് എതിരാളികൾ. തുടർന്ന് നടക്കുന്ന രണ്ടാം സെമിയിൽ ഡൽഹി ആതിഥേയരായ ഉത്തരാഖണ്ഡിനെയും നേരിടും. ഗ്രൂപ് ബി രണ്ടാം സ്ഥാനക്കാരാണ് കേരളം.
പുതുനിരയുമായെത്തി മെഡലിനരികിലേക്കുള്ള പ്രയാണത്തിലാണ് മലയാളിപ്പട. ആദ്യ കളിയിൽ കരുത്തരായ മണിപ്പൂരിന് 1-0ത്തിന് വീഴ്ത്തിയായിരുന്നു തുടക്കം. എന്നാൽ, ഇതേ സ്കോറിന് ഡൽഹിയോട് തോറ്റപ്പോൾ മൂന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെതിരെ ജയം അനിവാര്യമായി. അക്ഷരാർഥത്തിൽ നിറഞ്ഞാടിയ കേരളം സർവിസസിനെ 3-0ത്തിന് തകർത്തു. ഡൽഹിക്കും കേരളത്തിനും ആറ് വീതം പോയന്റാണുള്ളത്. ഗോൾ വ്യത്യാസത്തിൽ കേരളമാണ് മുന്നിലെങ്കിലും നേർക്കുനേർ മത്സരത്തിൽ ജയിച്ച ആനുകൂല്യത്തിൽ ഡൽഹി ഗ്രൂപ് ജേതാക്കളായി. സർവിസസിനെതിരായ കളിയോടെ ഒത്തിണക്കുള്ള ടീമായി കേരളം മാറിക്കഴിഞ്ഞു.
മറുഭാഗത്ത് അസം 1-0ത്തിന് ഉത്തരാഖണ്ഡിനെ തോൽപിച്ചാണ് തുടങ്ങിയത്. തുടർന്ന് ഗോവയെ 3-2 പരാജയപ്പെടുത്തിയ ഇവർ മിസോറമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റിരുന്നു. സെമി ഉറപ്പിച്ചതോടെ ബെഞ്ച് ബലം പരീക്ഷിച്ച കളിയായിരുന്നു മിസോറമിനെതിരെ. കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിനായും കേരള സൂപ്പർ ലീഗിൽ കണ്ണൂർ വാരിയേഴ്സിനായും കളിച്ച പ്രഗ്യാൻ ഗൊഗോയ് ആണ് അസമിനെ നയിക്കുന്നത്.
സ്വന്തം കാണികൾക്ക് മുന്നിൽ അദ്ഭുതങ്ങൾ കാട്ടുന്ന ഉത്തരാഖണ്ഡ് അസമിനോട് എതിരില്ലാത്ത ഒരു ഗോളിന് മുട്ടുമടക്കിയെങ്കിലും നിർണായക മത്സരങ്ങളിൽ മിസോറാമിനെ 1-1ൽ തളക്കുകയും ഗോവയെ 4-1ന് തകർക്കുകയും ചെയ്തു. അസം ഗ്രൂപ് ജേതാക്കളും ഉത്തരാഖണ്ഡ് രണ്ടാംസ്ഥാനക്കാരുമായാണ് സെമിയിലെത്തിയത്.
വാട്ടർ പോളോയിൽ സ്വർണത്തുടർച്ച
വനിത വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം നിലനിർത്തി. ഫൈനലില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. ഏഴിന് എതിരെ 11 പോയന്റുകള്ക്കായിരുന്നു ജയം. ഗെയിംസിലെ എല്ലാ മത്സരങ്ങളും വിജയിച്ച കേരളം തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്വര്‍ണം നേടുന്നത്. ഗുജറാത്ത് ദേശീയ ഗെയിംസിൽ വെങ്കലമായിരുന്നു. നിലവിലെ ദേശീയ ചാമ്പ്യൻമാരും കേരളം ആണ്. അതേസമയം, പുരുഷന്മാർ വെങ്കലപോരാട്ടത്തിൽ ബംഗാളിനെ തോൽപിച്ച് മെഡൽ നേടി.
പുരുഷ വാട്ടർപോളോയിൽ വെങ്കലം നേടിയ കേരള ടീം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.