ഫിനിഷിങ് പോയന്റും കടന്ന് അവർ മുന്നേറി, അതിജീവനത്തിലേക്ക്
text_fieldsസംസ്ഥാന സ്പെഷല്‍ ഒളിമ്പിക്സിലെ 25 മീറ്റർ ഓട്ടമത്സരത്തിൽ കോഴിക്കോട് ആശാകിരൺ സ്കൂളിലെ സി.എ. ആദിഷിനെ പിന്നാലെ ഓടി പ്രോത്സാഹിപ്പിക്കുന്ന അമ്മ -പി. സന്ദീപ്,
സോഫ്റ്റ്ബാൾ മത്സരത്തിൽ വളന്റിയര്‍മാരുടെ സഹായത്തോടെ ബാൾ എറിയുന്ന വി. രമ്യ (റോഷി സ്കൂൾ കോഴിക്കോട്)
കോഴിക്കോട്: നിർത്തൂ, മക്കളെ... നിർത്തൂ... മെഡിക്കൽ കോളജ് കാമ്പസിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഫിനിഷിങ് പോയന്റും കടന്ന് മുന്നോട്ട് ഓടുന്ന കുട്ടികളെ പിടിച്ചുനിർത്താൻ പാടുപെടുകയായിരുന്നു വളന്റിയർമാരും അധ്യാപകരും. അതിനിടെ ചിലർ വീഴുന്നു. ഞാൻ ജയിച്ചേ എന്ന ആവേശത്തിൽ ചിലർ ചിരിക്കുന്നു. വളന്റിയർമാരും അധ്യാപകരുമെത്തി മത്സരാർഥികളെ ‘ചിൽ’ ആക്കുന്നു. സ്കോർ രേഖപ്പെടുത്തി എല്ലാവർക്കും സമ്മാനം കൊടുക്കുന്നു.
25, 50, 100 മീറ്റർ ഓട്ടമത്സരങ്ങളിലെല്ലാം മത്സരാർഥികൾ ഫിനിഷിങ് പോയന്റ് കടന്നിട്ടും വാശിയോടെ മുന്നോട്ട് ഓടുന്ന കാഴ്ചയായിരുന്നു സ്പെഷൽ ഒളിമ്പിക്സ് നടക്കുന്ന ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച. വളന്റിയർ പിന്നാലെ ഓടി പിടിച്ചുനിർത്തുമ്പോൾ മാത്രമാണ് എല്ലാവരും ഓട്ടം നിർത്തിയത്. മത്സരം കിടമത്സരമല്ലെങ്കിലും നിഷ്കളങ്കരായ അവർ കഴിവിന്റെ പരമാവധി ഓടുകയായിരുന്നു. ഓട്ടം, ഷോട്ട്പുട്ട്, ഹൈജംപ്, ലോങ്ജംപ് തുടങ്ങി വിവിധയിനങ്ങളിലായി 4348 കായികതാരങ്ങൾ രണ്ടാംദിനത്തിൽ മാറ്റുരച്ചു. 60 ഇനങ്ങളിലായി അഞ്ച് പ്രായവിഭാഗങ്ങളിൽ 900ത്തോളം മത്സരങ്ങൾ നടന്നു.
മൂന്നുദിവസത്തെ കായികമേള ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സമാപന ദിവസം 400 മീറ്റർ ഓട്ടം, 800 മീറ്റർ ഓട്ടം, റിലേ എന്നിവ ഉൾപ്പെടെ 200ഓളം മത്സരങ്ങൾ നടക്കും.
ഭിന്നശേഷി മേഖലയിൽ സമഗ്രസംഭാവനകൾ നൽകിയ പ്രമുഖരെയും തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച ഭിന്നശേഷിക്കാരായ വ്യക്തികളെയും ശനിയാഴ്ച ആദരിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, കോഴിക്കോട് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ദിവാകരൻ, അസി. കലക്ടർ ആയുഷ് ഗോയൽ, ടി.ഡി.ആർ.എഫ് സ്ഥാപകൻ ഉമറലി ശിഹാബ് തുടങ്ങിയവർ രണ്ടാം ദിവസം അതിഥികളായെത്തി താരങ്ങൾക്ക് മെഡലുകൾ സമ്മാനിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളോടെയാണ് രണ്ടാം ദിവസ പരിപാടികൾ സമാപിച്ചത്. സ്പെഷൽ ഒളിമ്പിക്സ് കേരളയും കോഴിക്കോട് നഗരസഭയും ചേർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിയുടെ പിന്തുണയോടെയാണ് സ്പെഷൽ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

