സയന നേപ്പാളിലേക്ക്; ഡബ്ൾ ബെല്ലടിച്ച് കെ.എസ്.ആർ.ടി.സി
text_fieldsസയന രാമചന്ദ്രൻ
മലപ്പുറം: നേപ്പാളിലെ പൊക്കാറ വേദിയാവുന്ന പ്രഥമ ഏഷ്യൻ സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗം സയന രാമചന്ദ്രെൻറ യാത്രച്ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. മലപ്പുറം യൂനിറ്റിലെ കണ്ടക്ടർ കെ. രാമചന്ദ്രെൻറ (കണ്ണന്താഴത്ത് ബാബു) മകളാണ് സയന. ദേശീയ ടീമിലേക്ക് മകളെ തിരഞ്ഞെടുത്ത സന്തോഷം ഒരു മാസം മുമ്പ് രാമചന്ദ്രൻ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോണുമായി പങ്കുവെച്ചിരുന്നു.
ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കണമെന്ന് എം.ഡി ബിജു പ്രഭാകറിനോട് ജോഷി ജോൺ രേഖാമൂലം അഭ്യർഥിച്ചു. തുടർന്നാണ് സയനക്കുള്ള സ്നേഹ സമ്മാനമായി യാത്രക്കാവശ്യമായ 35,000 രൂപ നൽകാമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസറെ എം.ഡി അറിയിച്ചത്. 21 മുതൽ 25 വരെയാണ് ചാമ്പ്യൻഷിപ്.
തൃശൂർ വിമല കോളജിൽനിന്ന് ഉയർന്ന മാർക്കോടെ ബോട്ടണിയിൽ ബിരുദം നേടിയ സയന ഇവിടെ ഒന്നാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥിനിയാണിപ്പോൾ. ദേശീയ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കളിച്ചു. പിന്നീട്, പുതിയ ഇനമായ സോഫ്റ്റ് ബേസ്ബാളിലേക്ക് മാറി. ഇൻറർ കൊളീജിയറ്റ് ചാമ്പ്യൻഷിപ്പിൽ വിമല കോളജിനെ ജേതാക്കളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതോടെയാണ് ദേശീയ ടീമിലേക്കും വഴി തുറന്നത്.
താനൂർ കുന്നുംപുറത്ത് പരിശീലകൻ ഹംസയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്ബാൾ അക്കാദമിയായിരുന്നു ആദ്യ കളരി. താനൂർ മോര്യയാണ് സ്വദേശം. മാതാവ് അജിത കുമാരി പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ അധ്യാപികയാണ്. ഏക സഹോദരി സാന്ദ്ര മോര്യയിലെ ആദ്യ അഭിഭാഷകയാണെന്ന അഭിമാനവും കുടുംബത്തിനുണ്ട്.