ഖത്തറിനെ ഫുട്ബാൾ തെരുവാക്കാൻ 'സീന'
text_fieldsദോഹ: സിനിമകളിലും ടി.വി കാഴ്ചകളിലും കണ്ട റിയോയിലെയും നാപോളിയിലെയും ബ്വേനസ് എയ്റിസിലെയും ഫുട്ബാൾ തെരുവുകളെ ഓർമയില്ലേ. ദേശീയ പതാകകളും പ്രിയപ്പെട്ട താരങ്ങളുടെ ഛായാചിത്രങ്ങളും കൊടിതോരണങ്ങളുംകൊണ്ട് അലങ്കരിച്ച് അടിമുടി ഫുട്ബാളിനെ ആവാഹിക്കുന്ന തെരുവുകൾ.
ബ്രസീലിലെയും മെക്സികോയിലെയും ഇറ്റലിയിലെയുമെല്ലാം ഫുട്ബാളിന്റെ കഥപറയുന്ന തെരുവുകളായി മാറാൻ ദോഹയും ഒരുങ്ങുകയാണ്. നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിന്റെ മണ്ണിൽ വിമാനമിറങ്ങുന്ന ആരാധകർക്കു മുമ്പാകെ ഖത്തറിന്റെ പൈതൃകവും ഫുട്ബാളും കളിയുമെല്ലാം വരച്ചിടുന്ന കാഴ്ചകളോടെ.
രാജ്യത്തെ നഗരസൗന്ദര്യവത്കരണ ചുമതലയുള്ള സൂപ്പർവൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷനു കീഴിലാണ് പൊതുജനങ്ങളുടെയും സർക്കാർ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ ഇത്തരം പദ്ധതികൾക്ക് തുടക്കംകുറിക്കുന്നത്. 'നമുക്ക് ആഘോഷമാക്കാം' എന്ന തലവാചകത്തിലാണ് ലോകകപ്പ് സൗന്ദര്യവത്കരണത്തിന് ഖത്തർ ഒരുങ്ങുന്നത്. 'സീന' എന്ന വിളിപ്പേരിൽ പൊതുജനങ്ങൾക്ക് മത്സരത്തിനുള്ള അവസരംകൂടിയൊരുക്കിയാണ് ഫുട്ബാൾ തെരുവുകൾ നിറഞ്ഞ രാജ്യമായി മാറുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർക്ക് സ്വന്തം വീടും മതിലും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം. സ്കൂളുകളും കിൻഡർ ഗാർട്ടനുകളും, സർവകലാശാലകൾ, മുനിസിപ്പാലിറ്റികൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

