സ്കൂൾ നീന്തൽ: തിരുവനന്തപുരത്തിന്റെ കുതിപ്പ്
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ എതിരില്ലാതെ തിരുവനന്തപുരം ജില്ലയുടെ തേരോട്ടം. 42സ്വർണവും 29വെള്ളിയും 25വെങ്കലവും അടക്കം 352 പോയന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യൻപട്ടത്തിലേക്ക് കുതിക്കുന്നത്.
അഞ്ചുസ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമടക്കം 64 പോയന്റ് നേടി എറണാകുളം രണ്ടാം സ്ഥാനത്തും രണ്ട് സ്വർണവും നാലുവെള്ളിയും മൂന്ന് വെങ്കലവും അടക്കം 31 പോയന്റ് നേടി ആതിഥേയ ജില്ലയായ തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ തിരുവനന്തപുരം കണ്യാർകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം ദിനത്തിൽ ആറ് റെക്കോഡാണ് പിറന്നത്.
കളമശ്ശേരി ഗവ. എച്ച്.എസ്.എസിലെ എസ്. അഭിനവ് ട്രിപ്പിൾ റെക്കോഡ് സ്വർണം നേടി. ജൂനിയർ വിഭാഗം 100, 200 മീറ്റർ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്‌ലേ ഇനങ്ങളിൽ മത്സരിച്ചാണ് റെക്കോഡ് കരസ്ഥമാക്കിയത്.