സൗദി ദേശീയ ഗെയിംസ്: ഇന്ത്യൻ സ്വർണമെഡൽ ജേതാക്കളെ എംബസി ആദരിച്ചു
text_fieldsസൗദി ദേശീയ ഗെയിംസിലെ സ്വർണമെഡൽ ജേതാക്കളായ ഖദീജ നിസയും മെഹദ് ഷാ ശൈഖും റിയാദിലെ ഇന്ത്യൻ എംബസിയിൽ ഷാർഷെ ദഫെ എൻ. രാംപ്രസാദിനോടൊപ്പം
റിയാദ്: സൗദി ദേശീയ ഗെയിംസിലെ ബാഡ്മിൻറൺ സിംഗിൾസ് പുരുഷ, സ്ത്രീ വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങളെ റിയാദിലെ ഇന്ത്യൻ എംബസി ആദരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ, ഹൈദരാബാദ് സ്വദേശി മെഹദ് ഷാ ശൈഖ് എന്നിവരാണ് ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടം, സൗദി ആദ്യമായി നടത്തിയ ദേശീയ ഗെയിംസിൽ സ്വന്തമാക്കിയത്. ഇരുവരും റിയാദിലെ ന്യൂ മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥികളാണ്.
സ്വർണ മെഡലും 10 ലക്ഷം റിയാലുമാണ് ഇവർ നേടിയത്. ജേതാക്കളെ ക്ഷണിച്ചുവരുത്തി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് റിയാദിലെ എംബസി ആസ്ഥാനത്ത് ആദരിച്ചത്ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമാണ് സൗദി അറേബ്യയിൽ ഇരുവരുടെയും ഈ നേട്ടമെന്ന് എംബസി ഷാർഷെ ദഫെ എൻ. രാം പ്രസാദ് പറഞ്ഞു. പ്രശംസഫലകം സമ്മാനിച്ച അദ്ദേഹം ഇരുവരെയും ഷാൾ അണിയിക്കുകയും ചെയ്തു.എംബസി ഉദ്യോഗസ്ഥരും സാമൂഹികപ്രവർത്തകരും ജേതാക്കളുടെ മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.