ആ വിജയചരിത്രം പൗലോസിന്‍റേത് കൂടിയായിരുന്നു
text_fields2002ൽ മാർ അത്തനേഷ്യസ് ടൂർണമെന്റ് ആരംഭിച്ച വേദിയിൽ,
രക്ഷാധികാരിയായിരുന്ന തോമസ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയുമായി ടൂർണമെന്റ് കമ്മിറ്റി ജന. കൺവീനർ എം.എം. ജേക്കബ്, ജോ. ജനറൽ കൺവീനർ പി. പൗലോസ് തുടങ്ങിയവർ
സൗഹൃദ സംഭാഷണത്തിൽ
ആലുവ: കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ സന്തോഷനിമിഷത്തിലെ അമരക്കാരിലൊരാളായ ആലുവ നസ്റത്ത് ബംഗ്ലാവ്പറമ്പ് റോഡിൽ പാറയ്ക്കൽ പി. പൗലോസ് (76) വിട പറയുമ്പോൾ ഓർമയാവുന്നത് കാൽപന്തുകളിയുടെ പ്രതാപകാലത്തെ കണ്ണികളിലൊരാളാണ്.
പ്രതിരോധനിരക്കാരനായ പൗലോസ് എട്ടുവർഷത്തോളം സന്തോഷ് ട്രോഫി ടീമിനായി ബൂട്ടുകെട്ടി, 1979ൽ ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു. അരനൂറ്റാണ്ട് മുമ്പ് ‘സന്തോഷകിരീടം’ നേടിയതിന്‍റെ സുവർണ ജൂബിലി ആഘോഷത്തിനായി 2023 ഡിസംബറിൽ അന്നത്തെ അതേ മഹാരാജാസ് ഗ്രൗണ്ടിൽ താരങ്ങൾ ഒത്തുചേർന്നപ്പോൾ പൗലോസും ഏറെ സജീവമായി പങ്കെടുത്തിരുന്നു.
38 വർഷമായി ജില്ല, സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളിൽ സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്‍റെ ഫുട്ബാൾ മോഹങ്ങൾക്ക് നാമ്പ് മുളച്ചത് ആലുവ സെന്‍റ് മേരീസ് ഹൈസ്കൂളിൽ വച്ചാണ്. അന്ന് കാഞ്ഞൂർ സെന്‍റ് സെബാസ്റ്റ്യൻ ട്രോഫി, കോതമംഗലം മാർബേസിൽ ട്രോഫി തുടങ്ങിയ മത്സരങ്ങളിലൊക്കെ സെന്‍റ് മേരീസ് ടീം തിളക്കമാർന്ന ആധിപത്യം പുലർത്തിയിരുന്ന നാളുകളിൽ ടീമിൽ പൗലോസും ഉണ്ടായിരുന്നു. ജൂനിയർ ഫുട്ബാൾ സംസ്ഥാന ടീമിൽ പൗലോസ് അംഗമായിരുന്നു. രണ്ടുവർഷം ചാമ്പ്യന്മാരാകാനും ടീമിന് കഴിഞ്ഞു.
കളിയിൽ പുലർത്തിയ മികവ്, തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രവേശനം നേടാനും സർവകലാശാല മത്സരങ്ങളിൽ അരങ്ങേറാനും അവസരം തുറന്നുകൊടുത്തു. 1971-72ൽ ദേശീയ ചാമ്പ്യന്മാരായ കോഴിക്കോട് സർവകലാശാല ടീമിൽ ഇടംനേടാനും സാധിച്ചു. പ്രീമിയർ ടയേഴ്സ് ഫുട്ബാൾ ടീമിൽ അംഗമായ പൗലോസിന് ദേശീയ തലത്തിലുൾപ്പെടെ നിരവധി മത്സരങ്ങളിൽ സാന്നിധ്യമാകാൻ കഴിഞ്ഞു.
12 വർഷം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിപദം പൗലോസിൽ നിക്ഷിപ്തമായിരുന്നു. 2002ൽ ആലുവയിൽ ആരംഭിച്ച മാർ അത്തനേഷ്യസ് അഖിലേന്ത്യ ഇന്‍റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ജോ. ജനറൽ കൺവീനറായിരുന്നു. 2026 ലെ ടൂർണമെന്‍റുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകളിൽ അദ്ദേഹത്തിന്‍റെ ഇടപെടൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

