സന്തോഷ് ട്രോഫി പരിശീലനം: പ്രതീക്ഷയിൽ നിലമ്പൂർ മാനവേദന്‍ സ്കൂൾ മൈതാനവും
text_fieldsനിലമ്പൂർ ഗവ. മാനവേദൻ ഹയര്‍സെക്കൻഡറി സ്‌കൂൾ മൈതാനം ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പരിശോധിക്കുന്നു
നിലമ്പൂർ: മലപ്പുറം ജില്ല സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ മൈതാനം സന്ദർശിച്ചു. പരിശീലനം നടത്താൻ നാല് മൈതാനങ്ങൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് കൗൺസിൽ പ്രസിഡന്‍റ് എ. ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. മനോഹരകുമാര്‍ എന്നിവരെത്തിയത്. ആറ് ലൈന്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രകൃതിദത്ത പുൽമൈതാനമാണ് നിലമ്പൂരിലേത്. 6.47 ഏക്കര്‍ സ്ഥലത്ത് 18.30 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം കോംപ്ലക്‌സ്. അവസാന മിനുക്കു പണികൾ പുരോഗമിക്കുകയാണ്.
ഫിഫ മാനദണ്ഡ പ്രകാരമുള്ള സ്റ്റേഡിയം, ആധുനിക സൗകര്യങ്ങളോടെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, ആറു വരി 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നീന്തല്‍ക്കുളം തുടങ്ങിയ സൗകര്യങ്ങളൊരുക്കും.
മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ട്രെയിനിങ് സെന്‍റര്‍, മൂന്ന് നിലകളോടുകൂടിയ അമിനിറ്റി സെന്‍റര്‍ എന്നിവയുമുണ്ട്. പരിശീലന ക്ലാസുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളും ഇവിടെ നടത്താം. 400 മീറ്ററില്‍ ട്രാക്കുള്ള മലയോരമേഖലയിലെ ആദ്യ സ്റ്റേഡിയമാണിത്. പണി പൂർത്തിയാക്കി കായിക എൻജിനീയറിങ് വിഭാഗം ഉടൻ മൈതാനം കൈമാറും. ഫ്ലഡ് ലൈറ്റ്, താമസ സൗകര്യം തുടങ്ങിയവയെല്ലാം അനുകൂല ഘടകങ്ങളാണെന്ന് പ്രസിഡന്‍റ് എ. ശ്രീകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് നൽകിയ ശേഷം അഖിലേന്ത്യ ഫുട്‌ബാള്‍ ഫെഡറേഷന്‍ പ്രതിനിധികളും ഒരാഴ്ചക്കകം പരിശോധനക്കെത്തും.