സന്തോഷ് ട്രോഫി: പയ്യനാട് ഒരുങ്ങുന്നു
text_fieldsപയ്യനാട് സ്റ്റേഡിയം (ഫയൽ ചിത്രം)
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കം തുടങ്ങി. ചെറിയ മിനുക്കുപണികളാണ് നിലവിൽ നടന്നുവരുന്നത്. ഗാലറിയിൽ കാഴ്ചക്ക് അസൗകര്യം നേരിടുന്ന ചിലഭാഗങ്ങൾ ഉയർത്താനും സൗകര്യങ്ങൾ കൂട്ടാനുമുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഇതിന് പുറമെ പവിലിയന് താഴെ സ്ഥാപിക്കാനായി 1000 പുതിയ കസേരകൾ വാങ്ങും. വി.ഐ.പി പവിലിയനിലേക്ക് നേരേത്ത 1000 കസേരകൾ വാങ്ങിയിരുന്നു. ഗാലറിക്ക് താഴെയുള്ള പഴയ കസേരകൾ അറ്റകുറ്റപ്പണി നടത്തും.
കൂടാതെ സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാർ പറഞ്ഞു. ഇതിെൻറ ഭാഗമായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം റോഡുകൾ പരിശോധിച്ചിരുന്നു. സ്റ്റേഡിയത്തിെൻറ നിലവിലുള്ള സൗകര്യങ്ങൾ മന്ത്രി വി. അബ്ദുറഹിമാെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നടത്താനുള്ള മൈതാനങ്ങളുടെ നിലവാരം ഉയർത്തുന്നതും പരിഗണനയിലുണ്ട്.
ടീമുകൾ തന്നെ പരിശോധന നടത്തി അന്തിമതീരുമാനം കൈക്കൊള്ളും. താമസസൗകര്യവും ഇവർ പരിശോധിക്കും. കോട്ടപ്പടി മൈതാനം, എടവണ്ണ സീതി ഹാജി സ്റ്റേഡിയം എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ളത്.