സന്തോഷ് ട്രോഫി: മലപ്പുറം ജില്ലയിൽ നിന്നുള്ള െഎ.എസ്.എൽ താരങ്ങൾ ആഹ്ലാദത്തിൽ...
text_fields1. മഷൂർ ശരീഫ്, 2. ഇർഷാദ് തൈവളപ്പിൽ, 3. അനസ് എടത്തൊടിക, 4. അബ്ദുല്‍ റബീഹ്, 5. അബ്ദുൽ ഹക്കു, 6. ആഷിഖ് കുരുണിയൻ
മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് ചൂടുപിടിച്ചിരിക്കുന്നു. വിവിധ ടീമുകളിൽ ഇക്കുറി ജില്ലയിൽനിന്ന് ആറുപേരുണ്ട്. ഐ.എസ്.എൽ സീസൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ സന്തോഷ് ട്രോഫി മത്സരങ്ങളുടെ ആരവങ്ങളിലേക്ക് കടക്കും മലപ്പുറം. ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിലേക്ക് ദേശീയ ഫുട്ബാൾ ടൂർണമെൻറ് എത്തുന്ന സന്തോഷത്തിലാണ് ജില്ലയുടെ ഐ.എസ്.എൽ താരങ്ങൾ.
അനസ് എടത്തൊടിക
സ്വദേശം: മുണ്ടപ്പലം, കൊണ്ടോട്ടി, ഐ.എസ്.എൽ ടീം: ജാംഷഡ്പൂർ എഫ്.സി, സന്തോഷ് ട്രോഫി: മഹാരാഷ്ട്ര (2010), കേരളം (2011)
''സന്തോഷ് ട്രോഫി വരുമ്പോൾ ലോകകപ്പിനെ വരവേൽക്കുന്ന അതേ ആരവമായിരിക്കും മലപ്പുറത്തിന്. നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം. വളർന്നുവരുന്ന താരങ്ങൾക്ക് വലിയ ഊർജം നൽകും.''
ആഷിഖ് കുരുണിയൻ
സ്വദേശം: പട്ടർക്കടവ്, മലപ്പുറം
ഐ.എസ്.എൽ ടീം: ബംഗളൂരു എഫ്.സി
സന്തോഷ് ട്രോഫി: ഇതുവരെ കളിച്ചില്ല
''വളരെ സന്തോഷമുണ്ട്. മലപ്പുറത്തിന് നല്ലതാണ്. ഫുട്ബാൾ ഫാൻസ് ഇത്രയധികം ഉള്ള നാട്ടിൽ ഇതുപോലുള്ള വലിയ ടൂർണമെൻറുകൾ ഇനിയും വരട്ടെ''.
അബ്ദുൽ ഹക്കു
സ്വദേശം: വാണിയന്നൂർ, തിരൂർ
ഐ.എസ്.എൽ ടീം: കേരള ബ്ലാസ്റ്റേഴ്സ്
സന്തോഷ് ട്രോഫി: മഹാരാഷ്ട്ര (2015)
''സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി പോലൊരു വലിയ ടൂർണമെൻറ് നടക്കുമ്പോൾ ഏത് താരമാണ് കളിക്കാൻ ആഗ്രഹിക്കാതിരിക്കുക. ജില്ലയുടെ ഫുട്ബാൾ വളർച്ചക്ക് മുതൽക്കൂട്ടാവും ഇത്തരം ദേശീയ മത്സരങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല''.
മഷൂർ ശരീഫ്
സ്വദേശം: കാവുങ്ങൽ, മലപ്പുറം
ഐ.എസ്.എൽ ടീം: നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
സന്തോഷ് ട്രോഫി: ഇതുവരെ കളിച്ചില്ല
''കോവിഡിന് ശേഷം മലപ്പുറത്തേക്ക് ഫുട്ബാൾ ആവേശം സന്തോഷ് ട്രോഫിയിലൂടെ തിരിച്ചെത്തുന്നതിൽ ഇരട്ടി സന്തോഷം. ഫാൻസിനും ആഹ്ലാദിക്കാം. ബിനോ ജോർജിെൻറ പരിശീലനത്തിൽ ഇറങ്ങുന്ന കേരള ടീം കപ്പടിക്കേട്ടയെന്ന് ആശംസിക്കുന്നു''.
ഇർഷാദ് തൈവളപ്പിൽ
സ്വദേശം: ആലിങ്ങൽ, തിരൂർ
ഐ.എസ്.എൽ ടീം: നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
സന്തോഷ് ട്രോഫി: മഹാരാഷ്ട്ര (2015), സർവിസസ് (2016)
''മലപ്പുറത്തിന് ഫെഡറേഷൻ കപ്പിന് ശേഷം ഒരു ദേശീയ ഫുട്ബാൾ ടൂർണമെൻറ് ലഭിക്കുന്നതിൽ സന്തോഷം. ജില്ല ഇതിനായി കാത്തിരിക്കുകയായിരുന്നു. കേരള ടീമിനും ആരാധകർക്കും വലിയ ഊർജമായിരിക്കും''.
അബ്ദുല്‍ റബീഹ്
സ്വദേശം: ഒതുക്കുങ്ങൽ, കോട്ടക്കൽ
ഐ.എസ്.എൽ ടീം: ഹൈദരാബാദ് എഫ്.സി
സന്തോഷ് ട്രോഫി: ഇതുവരെ കളിച്ചില്ല
''ഇതുവരെ സന്തോഷ് ട്രോഫി കളിക്കാൻ കഴിയാത്തതിലെ വിഷമം സ്വന്തം നാട്ടിൽ ടൂർണമെൻറ് നടക്കുമ്പോൾ ഇരട്ടിയാവുന്നു''.