
'േകാവിഡ് തമാശയല്ല, ഭീകരമാണ്'; ഒറ്റെപ്പടലിന്റെ അഗ്നിപരീക്ഷ പങ്കുവെച്ച് സാനിയ
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്ന് നേരിടേണ്ടിവന്ന അഗ്നിപരീക്ഷയുടെ ഓർമകൾ പങ്കുവെച്ച് വികാരനിർഭരമായ കുറിപ്പുമായി ടെന്നീസ് താരം സാനിയ മിർസ. തനിക്കും കോവിഡ് ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ സാനിയ, നിരീക്ഷണ കാലയളവ് ഭയവും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നുവെന്നും പറയുന്നു.
രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ തന്നെ തളർത്തിയത് ഒറ്റപ്പെടലിനെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടായിരുന്നുവെന്നും അവർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'രണ്ടുവയസുകാരനായ മകനെയും കുടുംബത്തെയും മാറ്റിനിർത്തി ഒറ്റപ്പെട്ടതോടെ മാനസികമായി തളർന്നു. മകനെ മാറ്റിനിർത്തിയത് അത്രയും ഭയാനകമായിരുന്നു. വൈറസ് ഒരു തമാശയല്ല. വൈറസിനെ അകറ്റിനിർത്തുന്നതിന് എല്ലാ മുൻകരുതലുകളും ഞാൻ സ്വീകരിച്ചിരുന്നു. എന്നാൽ വൈകാതെ എന്നെയും പിടികൂടി'.
'കുടുംബത്തിൽനിന്ന് ഒറ്റെപ്പട്ട് മാറിനിൽക്കുന്നത് ഭയാനകമായിരുന്നു. ആളുകൾ രോഗം ബാധിച്ച് ആശുപത്രിയിൽ ഒറ്റക്കാകുേമ്പാൾ അവരും അവരുടെ കുടുംബവും ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. വ്യത്യസ്തമായ കാര്യങ്ങൾ കേൾക്കുകയും അടുത്ത ഘട്ടത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ വരികയും ചെയ്യുന്നതോടെ ഭയം നിറയും. ഓരോ ദിവസവും ഓരോ ലക്ഷണങ്ങളാകും കാണിക്കുക. ഇതോടെ ഇവയെല്ലാം എങ്ങനെ നേരിടണമെന്നറിയാതെ മാനസികമായും ശാരീരികമായും വൈകാരികമായും തളരും' -സാനിയ പറയുന്നു.
'നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. മാസ്ക് ധരിക്കുകയും കൈകൾ കഴുകുകയും വേണം. സ്വയം സുരക്ഷിതരാകുകയും മറ്റുള്ളവരെ സംരക്ഷിക്കുകയും വേണം. നമ്മളെല്ലാവരും ഒരുമിച്ച് പോരാട്ടത്തിലാണ്' -സാനിയ മിർസ കൂട്ടിച്ചേർത്തു.