'തെറ്റുകൾ പൊറുക്കണം; ഈമാനുള്ള മനുഷ്യനായി തിരിച്ചുവരും' -ഹജ്ജ് യാത്രക്കൊരുങ്ങി സാനിയ മിർസ
text_fieldsഹജ്ജ് തീർഥാടനത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം പങ്കുവെച്ച് മുൻ ടെന്നീസ് താരം സാനിയ മിർസ. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
''പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.''-എന്നാണ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളെയും ഓർക്കുക... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് കുറിപ്പിന് നടി ഗൗഹർ ഖാൻ പ്രതികരിച്ചത്. നേരത്തേ ഉംറ നിർവഹിക്കാൻ സാനിയ കുടുംബസമേതം മക്കയിലെത്തിയിരുന്നു.
കഴിഞ്ഞ ജൂണിലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും തമ്മിൽ വിവാഹമോചിതരായത്. അതിനു മുമ്പേ സാനിയ നിരവധി ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ തങ്ങൾ വേർപിരിയുകയാണെന്ന സൂചന നൽകിയിരുന്നു. ഇരുവർക്കും ഇഹ്സാൻ എന്ന് പേരുള്ള ഒരു മകനുണ്ട്. വിവാഹമോചനത്തിന് പിന്നാലെ ശുഐബ് പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചു.

