കിരീടമാണ് ലക്ഷ്യം -രോഹിത്
text_fieldsരോഹിത് ശർമ
ചെന്നൈ: കപ്പ് ജയിക്കാൻ പോന്ന ഈ ടീം സന്തുലിതവും സുശക്തവുമാണെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാഡ് കെട്ടുന്നത്. കഴിഞ്ഞകാല റെക്കോഡുകളല്ല. ടീമിന്റെ കരുത്തിലാണ് ശ്രദ്ധ. ഈ ടീം എന്തുകൊണ്ടും മികച്ചതാണ്. സ്വന്തം മണ്ണിൽ കപ്പ് ജയിക്കാൻ പോന്നവർ. ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിനുമുമ്പ് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ജയിച്ചുകൊണ്ടു തുടങ്ങുകയാണ് ലക്ഷ്യം.
ഏതു സാഹചര്യങ്ങളിലും കളിക്കാൻ ഈ ടീം പാകപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഓരോ മത്സരത്തിലും എങ്ങനെ കളിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്. ലോകകപ്പ് വിജയത്തിൽ കവിഞ്ഞൊന്നും ഈ ടീം ലക്ഷ്യമിടുന്നില്ല. ടീമിലെ ഏഴാം നമ്പറുകാരൻ വരെ മികച്ച ബാറ്ററാണ്. വാലറ്റക്കാരും ബാറ്റേന്താനറിയുന്നവരാണ്. സ്പിന്നർമാരും പേസർമാരും കഴിവു തെളിയിച്ചവർ. ഹാർദിക് പാണ്ഡ്യ ഓൾറൗണ്ടർ എന്നതിനപ്പുറം മുഴുനീള പേസ് ബൗളറെന്ന നിലയിലാണ് പരിഗണിക്കപ്പെടുകയെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.
ഓരോ മത്സരത്തിലും പിച്ചിന്റെ സ്വഭാവവും സാഹചര്യങ്ങളും എതിരാളികളുടെ ശക്തി ദൗർബല്യങ്ങളും കണക്കിലെടുത്താണ് ആദ്യ ഇലവനെ തിരഞ്ഞെടുക്കുക. ആസ്ട്രേലിയക്കെതിരെ മൂന്നു സ്പിന്നർമാരെ കളിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി രോഹിത് വ്യക്തമാക്കി. ഗിൽ കളിക്കുമോയെന്ന കാര്യത്തിൽ ടീം പ്രഖ്യാപനത്തിന്റെ അവസാനം വരെ കാത്തിരിക്കും.
ആദ്യ ഇലവൻ തിരഞ്ഞെടുക്കുമ്പോൾ ഗില്ലിന്റെ കാര്യത്തിൽ മാനുഷിക വശമാവും കണക്കിലെടുക്കുകയെന്ന് രോഹിത് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയ പുരുഷ-വനിത ടീമുകൾക്ക് ബിഗ് സല്യൂട്ട് അർപ്പിച്ചാണ് ക്യാപ്റ്റൻ വാർത്തസമ്മേളനം അവസാനിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.