'യഥാർഥ ഹീറോകൾ തകർപ്പൻ പ്രഹരവുമായി അവസരത്തിനൊത്തുയരും', കോഹ്‍ലിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
text_fieldsന്യൂഡൽഹി: എഴുതിത്തള്ളിയവർക്ക് ബാറ്റുകൊണ്ട് തകർപ്പൻ മറുപടിയുമായി വിരാട് കോഹ്‍ലി എഴുന്നേറ്റുനിൽക്കുമ്പോൾ പ്രമുഖർ ഉൾപെടെ സമൂഹ മാധ്യമങ്ങളിലും താരത്തിന് അഭിനന്ദനവുമായെത്തുന്നു. വിമർശനങ്ങളും കുത്തുവാക്കുകളും നിറഞ്ഞ ആയിരത്തിലേറെ ദിനങ്ങൾക്കൊടുവിൽ കോഹ്‍ലിയുടെ ബാറ്റിൽനിന്ന് സെഞ്ച്വറിത്തിളക്കത്തിലേക്ക് റണ്ണുകൾ ഒഴുകിപ്പരന്നപ്പോൾ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകർ.
'യഥാർഥ ഹീറോകൾ തകർപ്പൻ പ്രഹരവുമായി അവസരത്തിനൊത്തുയരും. എതിർത്തുകൊണ്ടേയിരിക്കുന്നവർ തെറ്റാണെന്ന് അവർ തെളിയിക്കുക പ്രവർത്തിയിലൂടെയായിരിക്കും.' -വിരാടിനെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഏറെപ്പേരാണ് ഇതിന് ലൈക്കും കമന്റുമായെത്തിയത്.
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യയുടെ അവസാന മത്സരത്തിലാണ് വിരാട് കോഹ്‍ലി വിശ്വരൂപം പുറത്തെടുത്തത്. അഫ്ഗാനിസ്ഥാനെതിരെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പുറത്താകാതെ 122 റൺസെടുത്ത് വിരാട് കത്തിക്കയറിയപ്പോൾ ആരാധകർക്ക് ആഘോഷിക്കാൻ അതേറെ വക നൽകി.
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനനായ ബാറ്റ്സ്മാനാണ് കോഹ്‍ലി. സെഞ്ച്വറികളും അർധ സെഞ്ച്വറികളും അടിച്ചുകൂട്ടുന്നത് പതിവായി മാറിയ ആ കരിയറിൽ പക്ഷേ, മൂന്നു വർഷമായി കഷ്ടകാലമായിരുന്നു. ശതകങ്ങളിലേക്ക് അനായാസം കത്തിക്കയറിയ ഡൽഹിക്കാരന്റെ കുതിപ്പുകൾ സ്വിച്ചിട്ടെന്നപോലെ നിന്നു. 2019 നവംബർ 23ന് ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ മൂന്നക്കം കടക്കാൻ കോഹ്‍ലിക്ക് സാധിച്ചിരുന്നില്ല.
70 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരമാണ് അടുത്തതിലേക്ക് കാലങ്ങളായി കാത്തിരുന്നത്. ഒടുവിൽ 1020 ദിവസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടും വിരാട് വീരോചിതമായിത്തന്നെ നൂറു തികച്ചു, ഇന്ത്യ ഫൈനൽ കാണാതെ പുറത്തായ ശേഷമാണെങ്കിൽപോലും.
അഫ്ഗാനെതിരെ 53 പന്തിൽ നൂറുകടന്ന കോഹ്‍ലി 50ൽനിന്ന് 100ലെത്താൻ നേരിട്ടത് 21 പന്തു മാത്രം. തകർപ്പൻ ഫോമിൽ നിറഞ്ഞാടുന്ന പഴയ മികവോടെ തന്നെ ആ 34കാരൻ ഉജ്ജ്വലമായി മൈതാനം നിറഞ്ഞു. സ്ട്രോക്കുകളുടെ വൈവിധ്യങ്ങളാൽ ആ ഇന്നിങ്സ് പൂത്തുതളിർത്തു. ഒരു ബൗളറോടും ദയാദാക്ഷിണ്യം കാട്ടിയില്ല. മൈതാനത്തിന്റെ മുഴുവൻ ഭാഗങ്ങളിലൂടെയും ബാറ്റിന്റെ പ്രഹരശേഷിയറിഞ്ഞ പന്ത് അതിർവര തേടിപ്പറന്നു. നാളുകൾക്ക് ശേഷം പഴയ കോഹ്‍ലി അത്യുജ്വലമായി പുനഃരവതരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.