മിന്നും വിജയം; ഖത്തറിന് പെരുന്നാൾ സമ്മാനം
text_fieldsലോകകപ്പ് യോഗ്യത റൗണ്ടിൽ ഇറാനെതിരെ ഖത്തറിന്റെ വിജയ ഗോൾ കുറിച്ച മിഗ്വേൽ പെഡ്രോയുടെ ആഹ്ലാദം
ദോഹ: ലോകകപ്പ് യോഗ്യത ഉറപ്പിക്കാനായി കച്ചകെട്ടിയിറങ്ങിയ ഖത്തറിന് വൻകരയിലെ കരുത്തരായ ഇറാനെതിരെ മിന്നും ജയം. വ്യാഴാഴ്ച രാത്രി ജാസിം ബിൻ സ്റ്റേഡിയം നിറച്ച ആരാധകർക്ക് നടുവിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചായിരുന്നു അന്നാബിയുടെ തകർപ്പൻ ജയം. കളിയുടെ 41ാം മിനിറ്റിൽ ഇറാനിൽ ഗോൾകീപ്പർ അലി റിസ ബിറൻവാഡിന്റെ കോട്ടയിൽ മിന്നൽപിണർ പോലെ ആക്രമണം നടത്തിയ പെഡ്രോ മിഗ്വേൽ ഖത്തറിന്റെ വിജയ ഗോളിന് അവകാശിയായി മാറി.
ജയത്തിൽ കുറഞ്ഞതൊന്നും പരിഹാരമല്ലെന്ന തീരുമാനവുമായി ഇറങ്ങിയ ഖത്തറിന്, കോച്ച് യുലൻ ലോപറ്റ്ഗൂയി മനസ്സിൽ കുറിച്ച ഗെയിം പ്ലാൻ കളത്തിൽ അക്രം അഫീഫും, അൽ മുഈസ് അലിയും ചേർന്ന് നടപ്പാക്കി. യൂറോപ്യൻ ക്ലബുകളിലെ താരങ്ങളുമായി മികച്ച ടീമിനെ തന്നെയാണ് ഇറാനും കളത്തിലിറക്കിയത്.
മധ്യനിര നയിച്ചത് ഇന്റർമിലാന്റെ മെഹ്ദി തരേമി, ദുബൈ അൽ അഹ്ലിയുടെ സാഇദ് ഇസ്തലോഹി തുടങ്ങിയ മുൻനിര താരങ്ങളുമായി എതിരാളികളും മികച്ചുനിന്നു. എന്നാൽ, ജയം അനിവാര്യമായ ഖത്തർ കഴിഞ്ഞ കളിയിലെ വീഴ്ചകളെല്ലാം പരിഹരിച്ചുകൊണ്ടുതന്നെ കളി തുടങ്ങി. പ്രതിരോധവും, മധ്യനിരയും മുന്നേറ്റവും ഒത്തിണക്കം പ്രകടിപ്പിച്ചതോടെ കളിയുടെ ഫലവും ഖത്തറിനൊപ്പമായി.
വിങ്ങിൽ നിന്ന് അക്രം അഫീഫിയുടെ ടച്ചിലൂടെയായിരുന്നു വിജയ ഗോളിലേക്കുള്ള തുടക്കം. ഡ്രിബിൾ ചെയ്ത് പോസ്റ്റിന് മുന്നിലേക്ക് നൽകിയ പന്ത്, ബോക്സിനുള്ളിൽ പെഡ്രോയിലേക്ക്. ഹെഡ്ഡറിലൂടെ അഹമ്മദ് അൽ ഗനേഹിക്ക് നൽകിയ പന്ത് തിരികെ വാങ്ങിയ ശേഷം, പോസ്റ്റിലേക്ക് തൊടുത്തുവെങ്കിലും ഇറാൻ ഗോളി തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് വീണ്ടും പിടിച്ച പെഡ്രോയുടെ ഷോട്ട് ഇത്തവണ ഗോളി അലിറിസക്ക് തടയാൻ കഴിഞ്ഞില്ല.
ഏഷ്യൻ ഫുട്ബാളിലെ രണ്ടാം സ്ഥാനക്കാരും, യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് ടിക്കറ്റുറപ്പിച്ചവരുമായ ഇറാനെതിരായ ജയം കുറിച്ച ഗോളായി. രണ്ടാം പകുതിയിൽ കോച്ച് ലോപറ്റ്ഗുയി കളിയുടെ ഗിയർ മാറ്റി, പ്രതിരോധത്തിലൂന്നി. ഇറാന്റെ കരുത്തുറ്റ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിച്ച് ഒരു ഗോൾ ലീഡ് വിജയത്തിലെത്തിച്ചു.
ഖത്തറിന് പിന്തുണയുമായി ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെത്തിയ ആരാധകർ
35ാം മിനിറ്റിൽ പ്രതിരോധ താരം മിലാദ് മുഹമ്മദി ചുവപ്പുകാർഡുമായി പുറത്തായതോടെ ഇറാൻ 10 പേരിലേക്ക് ചുരുങ്ങിയതും ഖത്തറിന് തുണയായി. ഏറ്റവും സുപ്രധാനമായ വിജയമെന്നായിരുന്നു ഖത്തറിന്റെ സൂപ്പർ താരം അൽ മുഈസ് അലിയുടെ പ്രതികരണം. അടുത്ത റൗണ്ടിലേക്കുള്ള കുതിപ്പിന് പ്രചോദനം പകരുന്നതാണ് വിജയം. ഇനിയുള്ള ലക്ഷ്യം, ജൂൺ 10ന് ഉസ്ബെകിസ്താനെതിരായ മത്സരത്തിലെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
‘ശക്തമായ മത്സരമായിരുന്നു. എങ്കിലും, നാട്ടുകാർക്ക് മുന്നിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിന് ഫലമുണ്ടായി. ആരാധകർക്കും ടീമിനും അഭിനന്ദനം’ -അൽ മുഈസ് പറഞ്ഞു. ഗ്രൂപ്പിൽ നിന്ന് ഇറാനും ഉസ്ബെകിസ്താനും ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
നോർത്ത് കൊറിയ -കിർഗിസ്താൻ മത്സരം ഗോൾരഹിത സമനിലയിലായതോടെ ഗ്രൂപ്പ് മൂന്ന്, നാല് സ്ഥാനക്കാരായി യു.എ.ഇയും ഖത്തറും നാലാം റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. അടുത്ത മത്സരത്തിൽ യു.എ.ഇ-കിർഗിസ്താനെ നേരിടും. ഈ മത്സരത്തിന്റെ കൂടി ഫലം അടിസ്ഥാനമാക്കിയാകും ഗ്രൂപ്പിൽ മൂന്ന്, നാല് സ്ഥാനനിർണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

