വോളിബാൾ വേൾഡ് ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും
text_fieldsഇന്റർനാഷനൽ വോളിബാൾ ഫെഡറേഷൻ അഡ്മിനിസ്ട്രേഷൻ ബോർഡ് യോഗത്തിൽ നിന്ന്
ദോഹ: 2029 ലെ ലോക പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുന്നു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ കഴിഞ്ഞദിവസം നടന്ന ഇന്റർനാഷനൽ വോളിബാൾ ഫെഡറേഷൻ (എഫ്.ഐ.വി.ബി) അഡ്മിനിസ്ട്രേഷൻ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്. വോളിബാളിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിഡിൽ ഈസ്റ്റിൽ ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ലോകോത്തര നിലവാരമുള്ള കായിക സൗകര്യങ്ങൾ, മികച്ച ഗതാഗത സംവിധാനം, കായിക മേഖലക്കും പ്രത്യേകിച്ച് വോളിബാളിന്റെ വളർച്ചക്കും നൽകുന്ന പിന്തുണ തുടങ്ങിയ സൗകര്യങ്ങൾ തുടർന്നാണ് ഖത്തറിൽ വേദിയൊരുക്കാൻ തീരുമാനിച്ചത്.
വിവിധ പ്രധാന കായിക ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ച ഖത്തർ, അതിന്റെ വൈദഗ്ധ്യം, മാനവ വിഭവശേഷി, സാംസ്കാരിക-സംഘാടന പാരമ്പര്യം എന്നിവയും തെളിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 32 ടീമുകൾ പങ്കെടുക്കുന്ന എഫ്.ഐ.വി.ബി വോളിബാൾ ലോക ചാമ്പ്യൻഷിപ്പ്, ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ മത്സരങ്ങളിൽ ഒന്നാണ്. മുൻനിര താരങ്ങളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായ ടൂർണമെന്റ് ആഗോളതലത്തിൽ അതിന്റെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
2029ലെ എഫ്.ഐ.വി.ബി പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള കായിക ഭൂപടത്തിൽ ഖത്തറിന്റെ സ്ഥാനം വീണ്ടും ഉറപ്പാക്കുകയാണെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി പറഞ്ഞു. മികച്ച സംഘാടന ശേഷിയുള്ള ഖത്തർ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് പ്രധാനപ്പെട്ട വേദിയാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച കായികാന്തരീക്ഷം, അനുഭവസമ്പത്ത് തുടങ്ങിയ അനുകൂല സാഹചര്യങ്ങളാൽ ഖത്തർ പ്രധാന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ വിജയകരമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സംഘാടന ശേഷിയിലുള്ള എഫ്.ഐ.വി.ബിയുടെ വിശ്വാസമാണ് ഇതിലൂടെ തെളിയിക്കുന്നതെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബൂഅനൈൻ അഭിപ്രായപ്പെട്ടു. ഈ ചാമ്പ്യൻഷിപ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ നടക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ് ഒരു പ്രധാന നാഴികക്കല്ലായി രേഖപ്പെടുത്തുമെന്ന് ഇന്റർനാഷനൽ വോളിബാൾ ഫെഡറേഷൻ പ്രസിഡന്റ് ഫാബിയോ അസെവഡോ പ്രതീക്ഷ പ്രകടിപ്പിച്ചു.
'രാജ്യത്തിന്റെ കായിക പാരമ്പര്യം തെളിയിക്കുന്നു'
ദോഹ: 2029ലെ എഫ്.ഐ.വി.ബി ലോക പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ
ബിൻ ജാസിം ആൽഥാനി
ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിൽ കഴിഞ്ഞദിവസം ചേർന്ന അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ (എഫ്.ഐ.വി.ബി) അഡ്മിനിസ്ട്രേഷൻ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. പ്രധാനപ്പെട്ട മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടി ചേർക്കുന്നുവെന്നും രാജ്യത്തിന്റെ ദീർഘകാല കായിക പാരമ്പര്യം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

