ഖത്തർ മാസ്റ്റേഴ്സ്; കരുക്കൾ നീക്കാൻ കാൾസനും നകാമുറയും പ്രഗ്നാനന്ദയും
text_fieldsദോഹ: മൂന്നാമത് ഖത്തർ മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഓപൺ ചെസ് ചാമ്പ്യൻഷിപ് ഒക്ടോബർ 10 മുതൽ 20 വരെ ലുസൈൽ സ്പോർട്സ് ഹാളിൽ നടക്കുമ്പോൾ കരുക്കൾ നീക്കാൻ എത്തുക കാൾസനും നകാമുറയുമുൾപ്പെടുന്ന മുൻനിര താരങ്ങൾ. 170 അന്താരാഷ്ട്ര ചെസ് താരങ്ങളാണ് ഖത്തർ മാസ്റ്റേഴ്സിൽ മാറ്റുരക്കുന്നത്.
1,10,000 ഡോളർ സമ്മാനത്തുകയുള്ള ഖത്തർ മാസ്റ്റേഴ്സിലെ ടൈറ്റിൽ വിജയിക്ക് 2,50,000 ഡോളറാണ് ലഭിക്കുക. ലോക ഒന്നാം നമ്പർ താരവും അഞ്ചു തവണ ലോകചാമ്പ്യനുമായ നോർവേയുടെ മാഗ്നസ് കാൾസനാണ് ദോഹയിലെത്തുന്ന പ്രധാന താരങ്ങളിലൊരാൾ.
2014, 2015 വർഷങ്ങളിൽ ഖത്തറിലെത്തിയിരുന്ന കാൾസൻ ഇത് മൂന്നാം തവണയാണ് ഇവിടെ പങ്കെടുക്കുന്നത്. ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹികാരു നകാമുറ, ഏഴാം റാങ്കുകാരനായ ഡച്ച് താരം അനീഷ് ഗിരി, ഇന്ത്യയുടെ എട്ടാം റാങ്കുകാരൻ ദൊമ്മരാജു ഗുകേഷ്, ജോർഡെൻ വാൻ ഫോറെസ്റ്റ്, ഇറാന്റെ പർഹാം മക്സൗദ്ലു എന്നിവരും ഖത്തർ മാസ്റ്റേഴ്സിനെത്തുന്നുണ്ട്.
കഴിഞ്ഞ വർഷം നടന്ന എയർതിങ്സ് മാസ്റ്റേഴ്സ് ചെസിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി വാർത്തകളിൽ ഇടംനേടിയ ഇന്ത്യയുടെ 17കാരനായ രമേഷ്ബാബു പ്രഗ്നാനന്ദയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാസം ബകുവിൽ നടന്ന ഫിഡെ ലോകകപ്പിൽ കാൾസന് പിറകിൽ രണ്ടാമതായാണ് പ്രഗ്നാനന്ദ ഫിനിഷ് ചെയ്തത്.
2021, 2022 വർഷങ്ങളിലെ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യനായ കസാഖ്സ്താന്റെ വനിതാതാരം ബിബിസാര അസൗബയേവ വനിത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് സംഘാടകരായ ഖത്തർ ചെസ് ഫെഡറേഷൻ അറിയിച്ചു. ഇന്ത്യയുടെ രമേഷ് വൈശാലി, വന്തിക അഗർവാൾ എന്നിവരും വനിതാവിഭാഗത്തിൽ കരുക്കൾ നീക്കും.
ഖത്തറിനെ പ്രതിനിധാനം ചെയ്ത് ഹുസൈൻ അസീസിനു പുറമേ ഈജിപ്തിന്റെ ബാസിം അമീൻ, യു.എ.ഇയുടെ സാലിം അബ്ദുറഹ്മാൻ എന്നിവരും അറബ് പങ്കാളിത്തത്തിന്റെ ഭാഗമാകും.
ഖത്തർ മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഓപൺ ചെസ് ചാമ്പ്യൻഷിപ്പിനായുള്ള തയാറെടുപ്പുകൾ അന്തിമഘട്ടത്തിലാണെന്നും മുഴുവൻ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഖത്തർ ചെസ് ഫെഡറേഷൻ പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് അൽ മുദഹ്ക പറഞ്ഞു. ഖത്തർ മാസ്റ്റേഴ്സ് മത്സരങ്ങൾ അന്താരാഷ്ട്ര ചെസ് വെബ്സൈറ്റുകളിലൂടെയും ക്യു.സി.എഫ് വെബ്സൈറ്റിലും സംപ്രേഷണം ചെയ്യുമെന്ന് ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും ചാമ്പ്യൻഷിപ് ഡയറക്ടറുമായ ഹമദ് അൽ തമീമി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

