ടീച്ചറമ്മയുടെ അനുഗ്രഹം തേടി പി.ടി. ഉഷയും ശ്രീനിവാസനും പൊന്നാനിയിലെത്തി
text_fieldsപൊന്നാനിയിലെ അധ്യാപിക പി. ഗൗരിയെ കാണാൻ ശിഷ്യൻ വെങ്ങാലിൽ ശ്രീനിവാസനും ഭാര്യ പി.ടി. ഉഷയും
എത്തിയപ്പോൾ
പൊന്നാനി: അമ്മയുടെ സ്നേഹ വാത്സല്യങ്ങൾ ഭർത്താവിന് പകർന്ന് നൽകിയ അധ്യാപിക മുത്തശ്ശിയുടെ അനുഗ്രഹം തേടി കായികതാരം പി.ടി. ഉഷ പൊന്നാനിയിലെത്തി. നവതിയുടെ നിറവിലെത്തിയ പൊന്നാനിയിലെ അധ്യാപിക മുത്തശ്ശി ഗൗരി ടീച്ചറെ കാണാനാണ് ഭർത്താവ് ശ്രീനിവാസനൊപ്പം പി.ടി. ഉഷ എത്തിയത്. അധ്യാപിക-ശിഷ്യബന്ധത്തിനപ്പുറം മാതൃസ്നേഹത്തിെൻറ ബന്ധമാണ് ഗൗരി ടീച്ചർക്കും ശ്രീനിവാസനും തമ്മിലുള്ളത്.
ശ്രീനിവാസന് മൂന്നര വയസ്സുള്ളപ്പോഴായിരുന്നു മാതാവിനെ നഷ്ടമായത്. അന്ന് ശ്രീനിവാസനെയും സഹോദരനെയും മൂത്തമ്മയും കുട്ടിമാമനും ചേർന്നാണ് വീടിനടുത്തുള്ള ന്യൂ എൽ.പി സ്കൂളിൽ ചേർത്തത്. അന്നുമുതൽ അമ്മയുള്ള പരിലാളനം നൽകിയാണ് ഗൗരി ടീച്ചർ പഠിപ്പിച്ച് വളർത്തിയത്. അമ്മയില്ലാത്ത ദുഃഖം ഗൗരി ടീച്ചർ ശ്രീനിവാസനെയും സഹോദരനെയും അറിയിച്ചിരുന്നില്ല.
ഗൗരി ടീച്ചറെ ശ്രീനിവാസൻ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീനിവാസനെയും ഉഷയെയും ടീച്ചറുടെ മക്കളായ ഗോപു, ഉണ്ണി, അനിയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചിത്രകാരൻ ഭാസ്കർ ദാസ്, അജയ്ഘോഷ് എന്നിവരും സംബന്ധിച്ചു.