അഭിമാനം, ഇന്ത്യൻ ഫുട്ബാൾ ടീം ക്യാമ്പിൽ വയനാടൻ സഹോദരങ്ങൾ
text_fieldsഅലക്സ് സജിയും അലന് സജിയും
സുൽത്താൻ ബത്തേരി: വയനാടിന് അഭിമാനമായി ഇന്ത്യൻ ഫുട്ബാൾ ടീം ക്യാമ്പിൽ സഹോദരങ്ങളായ മീനങ്ങാടി സ്വദേശികളായ അലക്സ് സജിയും അലന് സജിയും. അലക്സ് സീനിയര്‍ ടീമിന്റെ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അനുജന് അലന് അണ്ടര്‍- 23 ദേശീയ ക്യാമ്പിലാണ്. മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍നിന്ന് കളി പഠിച്ചവരാണ് ഇരുവരും.
മീനങ്ങാടി ഫുട്ബാള്‍ അക്കാദമിയുടെ മുഖ്യപരിശീലകന്‍ ബിനോയിയും മാനേജര്‍ ഫൗജ് അബ്ബാസുമാണ് പ്രതിഭയെ വളർത്തിയത്. വയനാടൻ ഫുട്ബാളിന്റെ പെരുമയുയര്‍ത്തിയ സഹോദരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കളത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ്. മീനങ്ങാടി ചീരാംകുന്നിലെ സജിയുടെയും സന്ധ്യയുടെയും മക്കളാണ് ഇവർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്.സിയുടെ പ്രതിരോധം കാക്കുന്ന അലക്സ് സുശാന്ത് മാത്യുവിനുശേഷം ജില്ലയിൽനിന്ന് ഇന്ത്യൻ സീനിയർ ടീം ക്യാമ്പിലേക്കെത്തിയ രണ്ടാമത്തെ താരമാണ്.
സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന നാഷൻസ് കപ്പിനുള്ള ബംഗളൂരുവിലെ ഇന്ത്യൻ ടീമിന്റെ ക്യാമ്പിലാണ് അലക്സ് ചേർന്നത്. തൃശൂര്‍ റെഡ് സ്റ്റാര്‍, കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍- 18, ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം എന്നിവിടങ്ങളിലും പ്രതിരോധക്കോട്ട കെട്ടിയ അലക്സ് പിന്നീട് ഗോകുലത്തിലെത്തി. ഐ-ലീഗ് അടക്കമുള്ള നിരവധി കിരീടങ്ങള്‍ നേടിയ അലക്സിനെ തേടി ഐ.എസ്.എല്ലില്‍നിന്നു വിളിയെത്തി.
അലന് ഐ.എസ്.എല്ലിലെതന്നെ എഫ്.സി ഗോവയുടെ താരമാണ്. അണ്ടർ- 23 ഏഷ്യൻ കപ്പ് -2026 യോഗ്യതക്കുള്ള ഇന്ത്യൻ ക്യാമ്പിലേക്കാണ് അലൻ ചേർന്നത്. കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാളായി 11ാം വയസ്സിൽ മുംബൈയിലെ റിലയൻസ് അക്കാദമിയിലെത്തി.
ജപ്പാനില്‍ നടന്ന സാനിക്സ് കപ്പില്‍ അക്കാദമിക്കായി മൂന്നുതവണയും അലന് ബൂട്ടണിഞ്ഞു. മൂന്നാംവര്‍ഷത്തില്‍ മൂന്ന് ഗോള്‍ നേടിയ അലന് ടൂര്‍ണമെന്റിലെ മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് ഐ.എസ്.എല്‍ ടീമുകള്‍ അലനെ നോട്ടമിട്ടത്. എഫ്.സി ഗോവ അലനുമായി കരാറിലെത്തി. പിന്നാലെയാണ് അണ്ടര്‍- 23 ക്യാമ്പിലേക്കുള്ള വിളിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

