You are here
ഇന്ത്യൻ ജഴ്സിയണിയാനൊരുങ്ങി സഹൽ
ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമിൽ അനസ്, ആഷിഖ്, സഹൽ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഉജ്വല പ്രകടനവുമായി സഹൽ അബ്ദുൽ സമദ് ഇന്ത്യൻ ടീമിെൻറ പടിവാതിൽക്കൽ. ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള 34 അംഗ സാധ്യതാ ടീമിലേക്കാണ് സഹലിന് കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ വിളിയെത്തിയത്.
സഹലിന് പുറമെ മറ്റു മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സാധ്യതാ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഡിസംബർ 16ന് ഡൽഹിയിൽ ആരംഭിക്കുന്ന ക്യാമ്പിൽ നിന്നും 28 അംഗ ടീമിനെ തെരഞ്ഞെടുക്കും. ടീം ഡിസംബർ 20ന് അബൂദബിയിലേക്ക് പറക്കും. 23 അംഗ അന്തിമ ടീമിനെ അബൂദബിയിൽ വെച്ചാവും പ്രഖ്യാപിക്കുക.
സന്നാഹ മത്സരത്തിൽ ഡിസംബർ 27ന് ഒമാനെ നേരിടും. ഏഷ്യൻ കപ്പിൽ ജനുവരി ആറിന് തായ്ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അണ്ടർ 23 താരങ്ങൾക്ക് ഇടംനൽകിയാണ് കോച്ച് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. ആറ് സെൻട്രൽ മിഡ്ഫീൽഡർമാരിൽ ഒരാളായി ഇടംനേടിയ സഹലിന് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ നാലിൽ ഒാരാളായി അന്തിമ ടീമിലും എത്താം.
കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശിയായ സഹൽ 2017 സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബെർബറ്റോവിന് പകരക്കാരനായി കളത്തിലെത്തിയ താരം ഇക്കുറി ടീമിലെ സ്ഥിരം സാന്നിധ്യമാണ്. സഹലിനു പുറമെ, അണ്ടർ 17 ലോകകപ്പ് താരം കോമൾതട്ടാൽ, ബികാഷ് ജെയ്റു എന്നിവരും ടീമിലുണ്ട്.