ഇടിമുഴക്കമാകാൻ മൈക് ടൈസൺ; 15 വർഷത്തിനു ശേഷം വീണ്ടും റിങ്ങിലേക്ക്
text_fieldsന്യൂയോർക്: 15 വർഷത്തിനുശേഷം ഇടിക്കൂട്ടിൽ വീണ്ടും ആ സിംഹ ഗർജനമുയരുന്നു. വിവാദവും വീരേതിഹാസവും രചിച്ച റിങ്ങിലെ കാലം ഒാർമിപ്പിച്ച് മുൻലോക ഹെവിവെയ്റ്റ് ചാമ്പ്യൻ മൈക് ടൈസൺ 54ാം വയസ്സിൽ റിങ്ങിലേക്ക് തിരികെയെത്തുന്നു. സെപ്റ്റംബർ 12ന് റോയ് ജോൺസ് ജൂനിയറിനെതിരായ പ്രദർശന മത്സരത്തിലാണ് ബോക്സിങ്ങിലെ പഴയ സൂപ്പർ ഹീറോ വീണ്ടും പ്രഫഷനൽ റിങ്ങിൽ ഗ്ലൗ അണിയുന്നത്.
2005ൽ കെവിൻ മക്ബ്രൈഡിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ (50-6) നിരാശനായി കളംവിട്ട ടൈൻ കഴിഞ്ഞ ഏതാനും മാസങ്ങളായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു. പരിശീലന വിഡിയോ പങ്കുവെച്ച താരം തെൻറ വേഗവും പഞ്ചിങ് പവറും കുറഞ്ഞിട്ടില്ലെന്ന് ബോക്സിങ് ആരാധകരെ ഒാർമിപ്പിച്ചു. 51കാരനായ ജോൺസ് 2018ലാണ് അവസാനമായി മത്സരത്തിനിറങിത്.
1980ൽ 20ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഹെവിവെയ്റ്റ് ചാമ്പ്യൻ എന്ന ചരിത്രം സൃഷ്ടിച്ചാണ് ടൈസെൻറ റിങ്ങിലെ വരവ്. പിന്നീട്, 25 വർഷം ഇടിക്കൂട്ടിൽ ആരെയും കൂസാത്ത ഭാവവുമായി അദ്ദേഹം വാണു. ഒരേസമയം ഹെവിവെയ്റ്റിൽ ഡബ്ല്യൂ.ബി.എ, ഡബ്ല്യൂ.ബി.സി, െഎ.ബി.എഫ് കിരീടങ്ങൾ ജയിച്ച ആദ്യ ബോക്സറുമായി. 1997 ഹെവിവെയ്റ്റ് കിരീടപ്പോരാട്ടത്തിനിടെ ഹോളിഫീൽഡിെൻറ ചെവി കടിച്ചുമുറിച്ച് വിവാദനായകനായ ടൈസൻ, 2004-05ൽ തുടർ തോൽവികൾക്കു പിന്നാലെ റിങ് വിട്ടു.