ടോട്ടി @600
text_fieldsറോമ: മുന്‍ ഇറ്റാലിയന്‍ ദേശീയ ഫുട്ബാള്‍ താരം ഫ്രാന്‍സിസ്കോ ടോട്ടി സീരി എയില്‍ 600 മത്സരം തികച്ചു. ഞായറാഴ്ച ഷിയേവോക്കെതിരായ മത്സരത്തില്‍ എ.എസ് റോമക്കായി പകരക്കാരനായി ഇറങ്ങിയാണ് 39കാരനായ ടോട്ടി അതുല്യ നേട്ടം കൈവരിച്ചത്. മത്സരം മൂന്ന് ഗോളിന് മുന്നില്‍ നില്‍ക്കെയാണ് കോച്ച് ലൂസിയാനോ സപല്ളേറ്റി ടോട്ടിയെ കളത്തിലിറക്കിയത്. ഒരു കാലത്ത് എ.എസ് റോമയുടെ നെടുന്തൂണായിരുന്ന ടോട്ടി ഈ സീസണില്‍ 12 മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങിയത്. ഇതില്‍തന്നെ രണ്ടെണ്ണത്തില്‍ മാത്രമാണ് ആദ്യ ഇലവനിലുണ്ടായിരുന്നത്. എന്നാല്‍, ഇത്രയും മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോളുകള്‍ സ്കോര്‍ ചെയ്യുകയും മൂന്നെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തു.
ഇറ്റാലിയന്‍ ഒന്നാം ഡിവിഷന്‍ ലീഗില്‍ 600 മത്സരം തികച്ച മൂന്നാമത്തെ താരമായിരിക്കുകയാണ് ടോട്ടി. മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ പൗളോ മാള്‍ദീനിയും (647) അര്‍ജന്‍റീനയുടെ യാവിയര്‍ സനേറ്റിയുമാണ് (615) മറ്റു രണ്ടുപേര്‍. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമില്‍ അംഗമായിരുന്നു ടോട്ടി.
