Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുപ്പത്തിയാറ് വെറും...

മുപ്പത്തിയാറ് വെറും നമ്പര്‍

text_fields
bookmark_border
മുപ്പത്തിയാറ് വെറും നമ്പര്‍
cancel

വയസ്സ് ഓര്‍മിപ്പിക്കുന്നവരോട് ആശിഷ് നെഹ്റ പറയും 36 വെറുമൊരു നമ്പറെന്ന്. എറിയുന്നവന്‍െറ പ്രായമെത്രയെന്ന് പന്തിനും ബാറ്റിനുമറിയേണ്ടല്ളോയെന്ന് വിശദീകരിക്കും. ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തലുകാര്‍ക്കുള്ള മറുപടിയായി വരാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി പന്തെറിയുന്നതിനെക്കുറിച്ച് സംസാരിക്കും.
***
2011 ലോകകപ്പ് സെമി ഫൈനലില്‍ മൊഹാലിയില്‍ പാകിസ്താനെതിരെയാണ് നെഹ്റ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. രണ്ടു വിക്കറ്റ് പ്രകടനവുമായി ഇന്ത്യക്ക് കിരീടത്തിലേക്ക് ദൂരം കുറച്ചെങ്കിലും കൈവിരലിലെ പരിക്ക് താരത്തിന്‍െറ ഫൈനല്‍ നഷ്ടമാക്കി.
28 വര്‍ഷത്തിനുശേഷം ഇന്ത്യ വീണ്ടും ലോകകിരീടമണിഞ്ഞപ്പോള്‍ പ്ളെയിന്‍ ഇലവനു പുറത്തായിരുന്നു ഡല്‍ഹിക്കാരന്‍െറ സ്ഥാനം. പക്ഷേ, വിരലിലെ മുറിവ് വിക്കറ്റുവേട്ടക്കാരനായ ബൗളറുടെ കരിയറിനും ഫുള്‍സ്റ്റോപ്പിട്ടുവെന്ന് കരുതിയതാണ്. നീണ്ട അഞ്ചുവര്‍ഷം. പരിക്ക് മാറി, ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മിടുക്ക് തെളിയിച്ചിട്ടും ദേശീയ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവ് അകന്നു. കരിയര്‍ അവസാനിപ്പിച്ചാലോ എന്ന സജീവ ആലോചനകള്‍ക്കിടയില്‍ പുനര്‍ജന്മംപോലെ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും വിളിയത്തെുന്നത്. ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യയുടെ ട്വന്‍റി20 ടീമില്‍ ഇടം. യുവരാജ് സിങ്ങിനൊപ്പം ദേശീയ ടീമിലേക്കുള്ള ഈ തിരിച്ചുവരവിന് ക്രിക്കറ്റ് വിദഗ്ധര്‍ ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് തയാറെടുപ്പുമായാണ് കൂട്ടിക്കെട്ടുന്നത്. സ്വന്തം മണ്ണില്‍ മാര്‍ച്ച് എട്ടിനാരംഭിക്കുന്ന കുട്ടിക്രിക്കറ്റില്‍ കിരീടം വീണ്ടെടുക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നതിനിടെയാണ് ഓസീസിനെതിരെ വെറ്ററന്‍ മീഡിയം പേസര്‍ റെയ്നയും കളിക്കാനിറങ്ങുന്നത്.

1999 ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇടംകൈയന്‍ പേസറുടെ അരങ്ങേറ്റം. പിന്നാലെ ഏകദിനത്തിലും ഇടം നേടി. പന്തില്‍ വേഗവും ലൈനും ലെങ്തും നിലനിര്‍ത്തുമ്പോഴും വലിയ കുപ്പായത്തിനുള്ളില്‍ അലസമായ ശരീരഭാഷയുമായി നടന്ന നെഹ്റക്ക് ഇന്ത്യയുടെ മുന്‍നിര പേസര്‍മാരുടെ പട്ടികയില്‍ സ്ഥാനം നല്‍കാന്‍ തലപ്പത്തുള്ളവര്‍ മടിച്ചു. ടീമില്‍ വന്നും പോയുമിരുന്ന കാലം. ഇതിനിടയില്‍ 2003 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരായ മത്സരത്തിലെ പ്രകടനം നിരൂപകരുടെ വായടപ്പിച്ചു. 10 ഓവറില്‍ 23 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍. അവഗണിച്ചവരെല്ലാം തെറ്റുതിരിത്തി, ജവഗല്‍ ശ്രീനാഥ്, സഹീര്‍ഖാന്‍ എന്നിവര്‍ക്കൊപ്പം നെഹ്റക്കും ടീമില്‍ സ്ഥിരപ്രതിഷ്ഠ നല്‍കി. പക്ഷേ, പരിക്ക് വില്ലന്‍െറ വേഷമണിഞ്ഞപ്പോള്‍ നെഹ്റ പിന്നെയും കളത്തിനകത്തും പുറത്തുമിരുന്നു. അങ്ങനെയൊരു യാത്രയായിരുന്നു 2011 മാര്‍ച്ചിലേത്.

അഞ്ചുവര്‍ഷം ദേശീയ ടീമിന് പുറത്തിരുന്നപ്പോഴും ഐ.പി.എല്ലിലെ മികച്ച പ്രകടനവുമായി നെഹ്റ സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുന്നുണ്ടായിരുന്നു. പക്ഷേ, ആരും ചെവിക്കൊണ്ടില്ളെന്നുമാത്രം. 2014ല്‍ ചെന്നൈ സൂപ്പര്‍കിങ്സ് കുപ്പായത്തില്‍ നാല് കളിയില്‍ എട്ടു വിക്കറ്റുകളും രഞ്ജിയിലെ മികച്ച പ്രകടനവും. അടുത്ത സീസണില്‍ പരിക്ക് അകന്നപ്പോള്‍ നെഹ്റയുടെ ഉഗ്ര രൂപവും കണ്ടു. 16കളിയില്‍ 22 വിക്കറ്റുമായി പര്‍പ്പ്ള്‍ കാപില്‍ നാലാമത്. ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍ പരിക്കിന്‍െറ പിടിയിലായപ്പോള്‍ പകരക്കാര്‍ക്കായുള്ള പരതലിനിടയിലാണ് ആറടി മൂന്നിഞ്ചുകാരന്‍ ശ്രദ്ധയിലത്തെുന്നത്.
ആസ്ട്രേലിയയിലേക്ക് പറക്കാനൊരുങ്ങുന്ന നെഹ്റ ഇപ്പോള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് ഫലപ്രാപ്തിയിലത്തെിയെങ്കില്‍ തന്‍െറ ലോകകപ്പ് മോഹവും പൂവണിയുമെന്ന് ഡല്‍ഹി പേസര്‍ ആണയിടുന്നു.

‘കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷം ടീമിലേക്ക് പരിഗണിക്കാതിരുന്നത് ശരിക്കും ആശ്ചര്യപ്പെടുത്തിയിരുന്നു. വൈകിയെങ്കിലും കിട്ടിയ അവസരം ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്. ആസ്ട്രേലിയയിലും ലോകകപ്പിലും കളിക്കാന്‍ അവസരം ലഭിച്ചാല്‍ നെഹ്റയെ നേരത്തേ ടീമിലെടുക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പറയിപ്പിക്കും.’ -ഏപ്രിലില്‍ 37 തികയുന്ന താരത്തിന്‍െറ വാക്കുകള്‍ക്ക് ആത്മവിശ്വാസത്തിന്‍െറ തിളക്കം.
ടീമിലെ സാന്നിധ്യത്തിന് ആയുസ്സ് കൂടിയാല്‍ യുവ പേസര്‍മാരുടെ ഉപദേശകനാവാന്‍ കഴിയും. പരിചയം കാശിന് വാങ്ങാവുന്നതല്ല. അരങ്ങേറിയിട്ട് 17 വര്‍ഷം കടന്നു. ഇതിനിടയില്‍ കുറെ പ്രതിബന്ധങ്ങള്‍ കടന്നു. ഒട്ടനവധി പരിക്കുകള്‍, 12 ശസ്ത്രക്രിയകള്‍. എന്നിട്ടും പേസ് ബൗളിങ്ങില്‍ തുടരുന്നു. ഇതെല്ലാം ഇന്ത്യയില്‍ അപൂര്‍വം ചിലര്‍ക്കുമാത്രം ലഭിച്ച അനുഭവങ്ങളാണ്. ഇതൊക്കെ പുതുതാരങ്ങളുമായി പങ്കുവെക്കുന്നതുതന്നെ മികച്ച പാഠങ്ങളാവും -നെഹ്റയുടെ വാക്കുകള്‍.
യുവതാരങ്ങള്‍ക്കുള്ളതാണ് ട്വന്‍റി20യെന്ന നിരീക്ഷണത്തെയും നെഹ്റ തള്ളുന്നു. ‘പ്രായം വെറുമൊരു നമ്പറാണ്. സ്വന്തം ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നിടത്തോളം കളി തുടരാമെന്നാണ് എന്‍െറ പക്ഷം’. ആസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ട്വന്‍റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 26ന് അഡ്ലെയ്ഡ് ഓവലിലാണ് ആദ്യ കളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashish nehra
Next Story