48ൽ പ്രവീൺ താംബെ കരീബിയൻ ലീഗിലേക്ക്
text_fieldsമുംബൈ: 48ാം വയസ്സിൽ വിരമിക്കൽ ഉറപ്പിച്ച്, റിസ്റ്റ് സ്പിന്നർ പ്രവീൺ താംബെ കരിബിയൻ പ്രീമിയർ ലീഗിലേക്ക്. സി.പി.എല്ലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാനൊരുങ്ങുന്ന താംബെ ട്രിനിബാഗോ നൈറ്റ്റൈഡേഴ്സുമായാണ് കരാറിൽ ഒപ്പുവെച്ചത്. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ പത്തുവരെയാണ് കരീബിയൻ ലീഗ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ഫ്രാഞ്ചൈസിയാണ് ഈ ടീം. കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ 20 ലക്ഷത്തിന് കൊൽക്കത്ത സ്വന്തമാക്കിയ താരത്തെ ടി10 ലീഗിൽ കളിച്ചതിെൻറ പേരിൽ ബി.സി.സി.ഐ സസ്പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഐ.പി.എൽ ടീമുമായുള്ള കരാർ അയോഗ്യമായതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് കരീബിയയിലേക്ക് പറക്കാൻ സന്നദ്ധനായത്.
അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. ശേഷം, വീണ്ടും വിരമിക്കുന്നതായി മുംബൈ ക്രിക്കറ്റിന് ഇ-മെയിൽ അയച്ചു.
മുംബൈക്കായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 47 ട്വൻറി20യും കളിച്ച താരം, 41ാം വയസ്സിലാണ് ഐ.പി.എല്ലിൽ അരങ്ങേറിയത്. രാജസ്ഥാൻ, ഗുജറാത്ത്, ഹൈദരാബാദ് ടീമുകൾക്കായി കളിച്ചു.