പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ാം ഗ്രാൻഡ് മാസ്റ്റർ
text_fieldsപ്രണവ് ആനന്ദ്
ബംഗളൂരു: ബംഗളൂരു സ്വദേശിയായ 15കാരൻ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ാമത് ഗ്രാൻഡ് മാസ്റ്റർ. റുമേനിയയിൽ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2,500 എലോ പോയന്റ് പിന്നിട്ടതോടെയാണ് പ്രണവ് നേട്ടം സ്വന്തമാക്കിയത്.
ഗ്രാൻഡ് മാസ്റ്റർ പദവി നേടാൻ വേണ്ട മറ്റ് യോഗ്യതകളെല്ലാം പ്രണവ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കാൻ മൂന്ന് ഗ്രാൻഡ് മാസ്റ്റർ നോം നേടണം. 2,500 എലോ പോയന്‍റ് ലൈവ് റേറ്റിങ് നേടുകയും വേണം. കഴിഞ്ഞ ജൂലൈയിൽ സ്വിറ്റ്സർലൻഡിൽ നടന്ന 55ാം ബീൽ ചെസ് ഫെസ്റ്റിവലിൽ പ്രണവ് മൂന്നാമത്തെ നോം നേടിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ നടന്ന സിറ്റ്ഗസ് ഓപണിലും മാർച്ചിൽ നടന്ന റാന്‍റ് വെസർകെപ്സോ ടൂർണമെന്‍റിലുമായാണ് പ്രണവ് ആദ്യ രണ്ട് നോമുകൾ നേടിയത്. ചെസിനോടുള്ള അഭിനിവേശവും കഠിനാധ്വാനവുമാണ് പ്രണവിന്‍റെ നേട്ടത്തിന് പിന്നിലെന്ന് പരിശീലകനായ വി. ശരവണൻ പറഞ്ഞു.