പൊലീസ് അക്വാട്ടിക് മീറ്റ്; ബി.എസ്.എഫും കേരള പൊലീസും മുന്നിൽ
text_fieldsതിരുവനന്തപുരം: ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ബി.എസ്.എഫ് (202) മുന്നിൽ. സി.ആര്‍.പി.എഫ് (151 ) രണ്ടാംസ്ഥാനത്തും സി.ഐ.എസ്.എഫ് (19) മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാന പൊലീസ് വിഭാഗത്തില്‍ കേരള പൊലീസ് (162) ആണ് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് പഞ്ചാബും (51) മൂന്നാംസ്ഥാനത്ത് പശ്ചിമബംഗാളുമാണ് (28).
800 മീ. ഫ്രീസ്റ്റൈലിൽ ഒന്നാമതെത്തിയ കേരളത്തിന്‍റെ ജോമി ജോർജ് മൂന്നാമത്തെ വ്യക്തിഗത സ്വർണത്തിന് അർഹയായി. പുരുഷൻമാരുടെ 4x100 മീ. മെഡ്ലെ റിലേയിൽ കേരള പൊലീസ് ടീം സ്വർണം നേടി. എച്ച്.ആര്‍. രഞ്ജിത്, സജന്‍ പ്രകാശ്, എ. അമല്‍, എസ്.എസ്. വൈശാഖ് എന്നിവരടങ്ങിയ ടീം സ്വർണം നേടിയത്. വനിതകളിൽ മനീഷ കൃഷ്ണന്‍, ജോമി ജോര്‍ജ്, ആര്‍.സി. ശരണ്യ, പി. ഗ്രീഷ്മ എന്നിവരടങ്ങിയ കേരള ടീം വെങ്കലം നേടി.
റഫറിയെ കൈയേറ്റം ചെയ്തു; വാട്ടർപോളോ മത്സരം നിർത്തി
വാട്ടർപോളോ മത്സരത്തിനിടെ റഫറിയെ കൈയേറ്റം ചെയ്തതിനെ തുടർന്ന് മത്സരം നിർത്തി. പിരപ്പൻകോട് സ്വിമ്മിങ്പൂളിൽ സി.ആർ.പി.എഫും പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. പഞ്ചാബ് ഒരു ഗോളിന് മുന്നിട്ട് നിൽക്കവെയാണ് റഫറിയിങ്ങിലെ പിഴവ് ചൂണ്ടിക്കാട്ടി സി.ആർ.പി.എഫ് അംഗങ്ങൾ രംഗത്തെത്തിയത്. ഇത് തർക്കത്തിൽ കലാശിക്കുകയും ഗുജറാത്ത് സ്വദേശിയായ റഫറി മായങ്ക് പട്ടേലിന് മർദനമേൽക്കുകയുമായിരുന്നു.