എല്ലാ പഞ്ചായത്തിലും കളിക്കളം പൂര്‍ത്തിയാക്കും -മുഖ്യമന്ത്രി
text_fieldsകേരളത്തിലെ ആദ്യത്തെ പൊലീസ് ടര്‍ഫ് കോര്‍ട്ട് മുഖ്യമന്ത്രി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന സര്‍ക്കാര്‍ നയം മുന്‍നിര്‍ത്തി, നിലവില്‍ കളിക്കളമില്ലാത്ത പഞ്ചായത്തുകളില്‍ അടിയന്തരമായി കളിക്കളം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.68 കോടി രൂപ ചെലവില്‍ കേരള പൊലീസ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സജ്ജീകരിച്ച പൊലീസ് ടര്‍ഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവത്കരിച്ച പൊലീസ് മൈതാനി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫുട്ബാള്‍ രംഗത്ത് കണ്ണൂരിന്റെ പാരമ്പര്യം എടുത്തുപറയേണ്ടതാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ടര്‍ഫാണ് ഇവിടെ സജ്ജമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യായാമത്തിനും കായികോല്ലാസത്തിനും ഇതുപോലുള്ള സൗകര്യങ്ങള്‍ നാട്ടില്‍ എല്ലായിടത്തും ഒരുക്കും. കുട്ടികള്‍ക്ക് കളിക്കാന്‍ ഇടം ചുരുങ്ങിവരുകയാണ്. അതിനാല്‍ കൂടുതല്‍ കളിക്കളങ്ങളും പൊതുസ്ഥലങ്ങളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍ വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സുരേഷ് ബാബു എളയാവൂര്‍, ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, കേരള പൊലീസ് അസോസിയേഷന്‍ ജില്ല ജോ. സെക്രട്ടറി കെ. രാകേഷ്, ജില്ല വൈസ് പ്രസിഡന്റ് കെ.സി. സുകേഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സ്വാഗതവും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ നന്ദിയും പറഞ്ഞു.