പയ്യനാട് സ്റ്റേഡിയം രണ്ടാംഘട്ട വികസനം: ഗാലറി ശേഷി വർധിപ്പിക്കും
text_fieldsമഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഫയൽ ചിത്രം)
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിൽ ഗാലറി ശേഷി വർധിപ്പിക്കാൻ ശ്രമം. സ്റ്റേഡിയം വികസനത്തിന്റെ പ്രാരംഭ നടപടികളുടെ ആദ്യഘട്ടമെന്നോണം ഉദ്യോഗസ്ഥ സംഘം സ്റ്റേഡിയം പരിശോധിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ പ്രേം കൃഷ്ണ, സ്പോർട്സ് സെക്രട്ടറി, ചീഫ് എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
രണ്ടാംഘട്ട വികസനത്തിന് 45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് സംഘമെത്തിയത്. സ്റ്റേഡിയം പരിശോധിച്ച സംഘം വിപുലീകരണം സംബന്ധിച്ച് ചർച്ച ചെയ്തു. പ്രധാനമായും ഗാലറിയുടെ ശേഷി കൂട്ടുന്നതാണ് ചർച്ച ചെയ്തത്. ഗാലറിയിലെ സീറ്റ് 30,000 ആക്കാൻ ശ്രമം നടത്തും. നിലവിൽ 20,000 ആണ് ശേഷി. ഗാലറിയുടെ ശേഷി കൂട്ടുമെന്ന് കായിക മന്ത്രി സന്തോഷ് ട്രോഫി ഫൈനൽ വിജയത്തിനുശേഷം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പ്രാരംഭ നടപടികളാണ് തുടങ്ങുന്നത്. പ്രാക്ടീസ് ഗ്രൗണ്ട്, സ്വിമ്മിങ് പൂൾ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതുൾപ്പെടെ നടപടികൾ വിലയിരുത്തി. ബാസ്കറ്റ് ബാൾ കോർട്ടിന് സമീപമാണ് പ്രാക്ടീസ് ഗ്രൗണ്ട് സജ്ജമാക്കുന്നത്. ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി, ഐ ലീഗ്, സൂപ്പർ കപ്പ് മത്സരങ്ങൾക്ക് വേദിയായ പയ്യനാട്ടേക്ക് കൂടുതൽ രാജ്യാന്തര മത്സരങ്ങൾ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.