അഭിമാനം അമൻ; ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം
text_fieldsപാരിസ്: ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാന താരമായി അമൻ സെഹ്റാവത്. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് അമന്‍ വെങ്കലം സ്വന്തമാക്കിയത്.
പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെയാണ് അമൻ മലർത്തിയടിച്ചത്. 13-5 നാണ് അമന്റെ ജയം. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡലാണിത്.
ലോകചാമ്പ്യൻ സെലിംഖാൻ അബകറോവിനെ 12–0ത്തിന് മലർത്തിയടിച്ചാണ് അമൻ സെമിയിൽ പ്രവേശിച്ചതെങ്കിലും ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് പിടിച്ച് നിൽക്കാനായില്ല. എന്നാൽ വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോ താരത്തിനെതിരെ നിസ്സാരമായി ജയിച്ച് കയറുകായിരുന്നു.
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ അമൻ സെഹ്റാവത്തിന്റെ ആദ്യ ഒളിമ്പിക്സാണിത്. ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ ഗുസ്തി താരം കൂടിയാണ് അമൻ.
ഒളിമ്പിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ഗുസ്തി താരമാണ് അമന്‍. 1952 ൽ കെ.ഡി ജാദവിന്റെ വെങ്കലത്തിൽ തുടങ്ങിയതാണ് ഇന്ത്യൻ ഒളിമ്പിക് ഗുസ്തി മെഡൽ ചരിത്രം. 2008 ൽ വെങ്കലവും 2012 ൽ വെള്ളിയും നേടി സുശീല്‍ കുമാറാണ് ഇരട്ട മെഡൽ നേടിയത്. 2012ൽ യോഗേശ്വര്‍ ദത്തും, 2016-ല്‍സാക്ഷി മാലിക്കും, 2020-ല്‍ ബജ്‌റംഗ് പുനിയയും വെങ്കലവും 2020-ല്‍ രവികുമാര്‍ ദാഹിയ വെള്ളിയും നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

