യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഒന്നാംനാൾ റെക്കോഡ് ഏഴ്
text_fieldsതേഞ്ഞിപ്പലം: അതിവേഗത്തിന്റെ ട്രാക്കിൽ മിന്നൽപ്പിണറായി പാലക്കാട്ടുകാരി മേഘയും ആലപ്പുഴക്കാരൻ ആഷ്ലിൻ അലക്സാണ്ടറും. പുതിയ ദൂരം താണ്ടി നിരഞ്ജനും മുഹമ്മദ് ഷാഹിലും നിഖില രാജുവും ബിബിൻ സിജുവും. പത്താമത് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ സംസ്ഥാന യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം ഉണർന്നപ്പോൾ ആദ്യദിനം പിറന്നത് ഏഴു മീറ്റ് റെക്കോഡുകൾ. ആദ്യദിനം 120 പോയന്റുമായി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് ജില്ല ബഹുദൂരം മുന്നിലെത്തിയപ്പോൾ 107.5 പോയന്റുമായി കോഴിക്കോട് രണ്ടാമതുണ്ട്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എറണാകുളം 70 പോയന്റുമായി മൂന്നാമതാണ്.
100 മീറ്റർ പുരുഷ-വനിത വിഭാഗത്തിലും ഷോട്ട്പുട്ട് വനിത വിഭാഗത്തിലും വനിതകളുടെ മെഡ് ലെ റിലേയിലും പുരുഷവിഭാഗം ഹാമർ ത്രോ, ജാവലിൻ ത്രോ, പോൾവാൾട്ട് എന്നീ വിഭാഗങ്ങളിലുമാണ് മീറ്റ് റെക്കോഡ് പിറന്നത്. 100 മീറ്ററിൽ ആലപ്പുഴയുടെ ആഷ്ലിൻ അലക്സാണ്ടർ 10.83 സെക്കൻഡിലാണ് റെക്കോഡ് കുറിച്ചത്. 2018ൽ തിരുവനന്തപുരത്തിന്റെ അഭിനവ് കുറിച്ച 11.03 സെക്കൻഡിന്റെ റെക്കോഡാണ് ആഷ്ലിൻ തിരുത്തിക്കുറിച്ചത്. വനിതകളുടെ 100 മീറ്ററിൽ പാലക്കാടിന്റെ മേഘ പഴങ്കഥയാക്കിയത് 2018ൽ കോഴിക്കോടിന്റെ അപർണ റോയ് രേഖപ്പെടുത്തിയ 12.51 സെക്കൻഡിന്റെ വേഗമാണ്. 12.23 സെക്കൻഡിലാണ് മേഘ 100 മീറ്റർ താണ്ടിയത്.
ജാവലിൻത്രോ പുരുഷവിഭാഗത്തിൽ പാലക്കാടിന്റെ മുഹമ്മദ് ഷാഹിൽ 56.18 മീറ്റർ താണ്ടി പുതിയ റെക്കോഡ് കുറിച്ചു. 2019ൽ എറണാകുളത്തിന്റെ ജിബിൻ തോമസ് എറിഞ്ഞ 56.11 മീറ്റർ റെക്കോഡാണ് ഷാഹിൽ മറികടന്നത്. ഹാമർത്രോ പുരുഷവിഭാഗത്തിൽ 2017ൽ പാലക്കാടിന്റെ ശ്രീവിശ്വം കുറിച്ച 50.32 മീറ്റർ ദൂരം താണ്ടി പാലക്കാട്ടുകാരനായ നിരഞ്ജൻ 53.16 മീറ്ററിന്റെ പുതിയ റെക്കോഡിട്ടു. പുരുഷവിഭാഗം പോൾവാൾട്ടിൽ എറണാകുളത്തിന്റെ ബിബിൻ സിജു 3.81 ദൂരമെറിഞ്ഞ് പുതിയ മീറ്റ് റെക്കോഡിട്ടു. എറണാകുളത്തിന്റെതന്നെ അശ്വിന്റെ പേരിലുള്ള 3.80 മീറ്റർ റെക്കോഡാണ് വീണത്. വനിത വിഭാഗം ഷോട്ട്പുട്ടിൽ കാസർകോടിന്റെ അഖില രാജു 14.27 മീറ്റർ എറിഞ്ഞ് പുതിയ റെക്കോഡിട്ടു. തിരുവനന്തപുരത്തിന്റെ മേഘ മറിയത്തിന്റെ പേരിലുള്ള 13.75 മീറ്ററിന്റെ റെക്കോഡാണ് വഴിമാറിയത്. വനിത വിഭാഗം മെഡ് ലെ റിലേയിൽ കോട്ടയം 2:22.80 സെക്കൻഡിന്റെ പുതിയ റെക്കോഡും കുറിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് മീറ്റ് ഉദ്ഘാടനം ചെയ്തു. കേരള അത്‍ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.