ഡാകർ റാലിയിൽ ചരിത്രം കുറിച്ച് സൗദി, കാറോട്ടത്തിൽ യസീദ് അൽ രാജ്ഹി ചാമ്പ്യൻ
text_fieldsഡാകർ റാലി കാർ വിഭാഗത്തിൽ ചാമ്പ്യനായ യസീദ് അൽ രാജ്ഹി, അൽ രാജ്ഹി രണ്ടും മൂന്നും സ്ഥാനക്കാരോടൊപ്പം
റിയാദ്: ആറ് വർഷം തുടർച്ചയായി ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് ഇവന്‍റ് ‘ഡാകർ റാലി’ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യക്ക് ഇത്തവണ ചരിത്രനേട്ടം. കാറോട്ട വിഭാഗത്തിൽ സൗദി താരം യസീദ് അൽ രാജ്ഹി ചാമ്പ്യനായി. വെള്ളിയാഴ്ച രാജ്യത്തെ ഷുബൈത്തയിൽ ഫിനിഷ് ചെയ്ത ഡാകർ റാലിയുടെ 12ാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ് സൗദി അറേബ്യയുടെ അഭിമാനമുയർത്തി യസീദ് അൽ രാജ്ഹി കരിയറിലെ ആദ്യത്തെ ഡാകർ റാലി കിരീടം നേടിയത്. രാജ്യത്തിെൻറയും ആദ്യത്തെ ഡാകർ റാലി കിരീട നേട്ടമായി അത്.
43 കാരനായ യസീദ് അൽ രാജ്ഹി ടൊയോട്ടയുടെ ദക്ഷിണാഫ്രിക്കൻ താരം ഹെങ്ക് ലാറ്റെഗനെ 3.57 മിനിറ്റിനും ഫോർഡിന്റെ സ്വീഡിഷ് താരം മത്തിയാസ് എക്‌സ്‌ട്രോമിനെ 20.21 മിനിറ്റിനും പിന്നിലാക്കിയാണ് തെൻറ ടൊയോട്ട കാറുമായി ഫിനിഷ് ചെയ്തത്. മോട്ടോർ റാലി സംഘാടകരായ ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷെൻറ (എഫ്.ഐ.എ) ഔദ്യോഗിക ഫലപ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
2020 മുതൽ തെൻറ രാജ്യം ആതിഥേയത്വം വഹിച്ച പ്രശസ്തമായ ഡെസേർട്ട് റാലിയുടെ കിരീടം നേടാനായതിൽ അൽ രാജ്ഹി ആഹ്ലാദം പ്രകടിപ്പിച്ചു. കഠിനമായ നിരവധി ശ്രമങ്ങൾക്ക് ശേഷം ലക്ഷ്യം നേടി. റിയാദിൽ ജനിച്ചുവളർന്ന അദ്ദേഹം 2022ലെ ഡാകർ റാലിയിൽ മൂന്നാം സ്ഥാനത്തായിരുന്നു. ലോക റാലി ചാമ്പ്യൻഷിപ്പിലെ കഴിഞ്ഞ രണ്ട് സീസണുകളിൽ (W2RC) റണ്ണറപ്പുമായിരുന്നു. ഡാകർ റാലിയുടെ 12 ഘട്ടങ്ങളുടെ ഭൂരിഭാഗത്തിലും ലാറ്റെഗനായിരുന്നു ലീഡ് ചെയ്തത്. എന്നാൽ 11ാം ഘട്ടത്തിൽ ലീഡ് സ്വന്തമാക്കിയ അൽ രാജ്ഹി അവസാന ഘട്ടത്തിലെ ഫിനിഷിങ് ലൈൻ വരെ അത് നിലനിർത്തി കിരീടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

