11ാം ഗെയിമിൽ ഡിങ് ലിറൻ വീണു, ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന്റെ മുന്നേറ്റം
text_fieldsസിംഗപ്പുർ: ഇന്ത്യയുടെ കൗമാരതാരം ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ് കിരീടം ഒന്നര പോയന്റ് അരികെ. 11ാം ഗെയിമിൽ ചൈനയുടെ നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെ വീഴ്ത്തിയ ചെന്നൈ സ്വദേശി ഇതാദ്യമായി ലീഡും പിടിച്ചു. മൂന്ന് റൗണ്ട് മാത്രം ശേഷിക്കെ ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റാണുള്ളത്. ജേതാവാകാൻ വേണ്ടത് 7.5 പോയന്റാണ്. ഇന്നത്തെ 12ാം റൗണ്ട് മത്സരത്തിലും ഗുകേഷിന് ജയം ആവർത്തിക്കാനായാൽ ചരിത്രകിരീടം ചലഞ്ചറുടെ കൈയെത്തും ദൂരെയെത്തും.
ഞായറാഴ്ച വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷ് 29 നീക്കങ്ങൾക്കൊടുവിൽ ജയം നേടി. ലിറെൻ വരുത്തിയ രണ്ടു പിഴവുകളുടെ ചുവടുപിടിച്ചാണ് 18കാരൻ വിജയത്തിലേക്ക് കരുക്കൾ നീക്കിയത്. ആദ്യ ഗെയിമിൽ ലിറെനും മൂന്നാമത്തേതിൽ ഗുകേഷും ജയിച്ചതൊഴിച്ചാൽ എട്ട് റൗണ്ടുകൾ സമനിലയിൽ കലാശിച്ചിരുന്നു.
ലീഡ് ലഭിച്ചതോടെ ഗുകേഷിന് ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാനും സാധ്യത തെളിഞ്ഞിരിക്കുകയാണ്. വിശ്വനാഥൻ ആനന്ദൊഴികെ ഇന്ത്യയിൽനിന്നാരും ലോക ചെസ് ചാമ്പ്യൻഷിപ് കിരീടം നേടിയിട്ടില്ല.
വെൽഡൺ ചലഞ്ചർ -കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
11ാം ഗെയിം റെട്ടി ഓപനിണിങ്ങിൽ തുടങ്ങിയ ഗുകേഷിന് ആദ്യ നീക്കങ്ങളിൽ മുൻതൂക്കം ഒന്നുംതന്നെ നേടാൻ സാധിച്ചില്ല. എന്നാൽ, ഗുകേഷിന്റെ 15ാം നീക്കം ഒന്നു പാളിപ്പോയി. ഏകദേശം അഞ്ചു നീക്കങ്ങളിൽ ഏതെങ്കിലും ഒന്നു നടത്തിയാൽ കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുമായിരുന്ന ഡിങ് ലിറെൻ അതിൽ ഒന്നുപോലും കളിക്കാതെ കാലാളിനെകൊണ്ട് നടത്തിയ ജി6 നീക്കം കാരണം അവസരം കളഞ്ഞു.
21ാം നീക്കത്തിൽ ഡിങ്ങിന് ചെറുതായി പിഴച്ചതോടെ ഗുകേഷിന് ചെറിയ മുൻതൂക്കം ലഭിച്ചു. 22ാം നീക്കത്തിൽ ഡിങ് ഗുകേഷിന്റെ ബി6ലെ കാലാളിനെ വെട്ടി എടുത്തതോടെ ബി ഫയൽ വഴി ആയി ഇന്ത്യൻ താരത്തിന്റെ ആക്രമണം. 25ാം നീക്കത്തിൽ ഗുകേഷ് തന്റെ കുതിരയെ എ1 കളത്തിൽ വെച്ചപ്പോൾ ഗുകേഷിന്റെ മുൻതൂക്കം നഷ്ടപ്പെട്ടു. എന്നാൽ, 26ൽ ഡിങ് നടത്തിയ കാലാൾ നീക്കം ചലഞ്ചർക്ക് വ്യക്തമായ മുൻതൂക്കം നൽകി.
ഗുകേഷിന്റെ 25ാം നീക്കത്തെ വേണ്ടവിധം പ്രതിരോധികാത്തതിനാൽ ഈ കളി മാറ്റി മറിച്ചത് കുതിരയെ എ1 കളത്തിലേക്കു വെച്ച തന്ത്രംതന്നെയാണെന്ന് പറയാം. 25മുതൽ 27 നീക്കം വരെ ഇന്ത്യൻ താരം തന്റെ കുതിരയെ മാത്രം വെച്ച് കളിച്ചപ്പോൾ കുതിര ഏറ്റവും മികച്ച കളത്തിൽതന്നെ എത്തിച്ചേർന്നു. 28ാം നീക്കത്തിൽ തന്റെ രണ്ടാമത്തെ റൂക്കിനെ കൂടെ ബി ഫൈലിൽ വെച്ച നീക്കം അത്ര നല്ലതായിരുന്നില്ല.
പകരം കുതിരയെ കൊണ്ട് ബി7 കാലാളിനെ വെട്ടി മാറ്റണമായിരുന്നു. ഇവിടെ ഡിങ് തന്റെ കുതിരയെ ബി4 കളത്തിൽ വെച്ചിരുന്നെങ്കിൽ ഗുകേഷിന് വിജയം അത്ര എളുപ്പമാവില്ലായിരുന്നു. എന്നാൽ 28ാംത്തെ നീക്കത്തിൽ ചാമ്പ്യൻഷിപ്പിലെ ഏറ്റവും വലിയ മണ്ടത്തം ആണ് ചൈനീസ് താരത്തിന്റെ കൈയിൽനിന്നും സംഭവിച്ചത്. ഡിങ് തന്റെ ക്വീനിനെ സി8 കളത്തിലേക്കു വെച്ചതോടെ ഗുകേഷ് തന്റെ ക്വീൻ കൊണ്ട് സി6 കളത്തിൽ ഉള്ള ഡിങ്ങിന്റെ കുതിരയെ വെട്ടിയെടുക്കുകയായിരുന്നു. ഉടൻ തന്നെ ചാമ്പ്യൻ പരാജയം സമ്മതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.