ലോക ബോക്സിങ് ചാമ്പ്യൻഷിപ്: നിഖാത്, മനിഷ പ്രീ ക്വാർട്ടറിൽ
text_fieldsബുവാലം റുമൈസയെ നേരിടുന്ന നിഖാത് സരീൻ (വലത്ത്)
ന്യൂഡൽഹി: ഇന്ത്യയുടെ നിഖാത് സരീനും മനിഷ മൗനും വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ് പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 52 കിലോയിലെ ലോക ചാമ്പ്യനായ നിഖാത് 50 കിലോഗ്രാം ഇനത്തിലാണ് ഇക്കുറി മത്സരിക്കുന്നത്. അൽജീരിയയുടെ ബുവാലം റുമൈസയെ 5-0ത്തിന് തോൽപിച്ച് ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാംജയം സ്വന്തമാക്കി. 57 കിലോയിൽ നിലവിലെ വെങ്കല ജേത്രിയായ മനിഷ ആസ്ട്രേലിയയുടെ റഹീമി ടിനയെ 5-0ത്തിന് മറിച്ചിട്ടാണ് അവസാന 16ൽ ഇടംപിടിച്ചത്.
മെക്സികോയുടെ ഹരേര അൽവാരസ് ഫാത്തിമയാണ് നിഖാത്തിന്റെ അടുത്ത എതിരാളി. തുർക്കിയുടെ നൂർ എലിഫ് തുർഹാനുമായി മനിഷയും ഏറ്റുമുട്ടും. തിങ്കളാഴ്ച പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ ലവ് ലിന ബൊർഗോഹെയ്ൻ മെക്സികോയുടെ സിറ്റാലി ഓർട്ടിസിനെയും (75) സാക്ഷി ചൗധരി ഉസ്ബകിസ്താന്റെ ഉറാക്ബയേവ ജാസിറയെയും (52) പ്രീതി തായ്‍ലൻഡിന്റെ ജുടാമസ് ജിറ്റ്പോങ്ങിനെയും (54) നേരിടും.