ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്: വേഗരാജാവായി നോഹാ ലൈൽസ്
text_fieldsപുരുഷ 100 മീറ്റർ ഫൈനലിൽ യു.എസിന്റെ നോഹാ ലൈൽസ് (നടുവിൽ) ഒന്നാമതെത്തുന്നു
ബൂഡപെസ്റ്റ്: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ അതിവേഗ താരമായി യു.എസിന്റെ നോഹാ ലൈൽസ്. രണ്ടാം ദിനം നടന്ന പുരുഷ 100 മീറ്റർ ഫൈനലിൽ 9.83 സെക്കൻഡിൽ ലോക ലീഡോടെ ഫിനിഷ് ചെയ്താണ് നോഹ ഒന്നാമനായത്. ബോട്സ്വാനയുടെ ലെസ്റ്റിലെ ടെബോഗോ (9.88) വെള്ളിയും ബ്രിട്ടന്റെ ഷർണൽ ഹ്യൂസ് (9.88) വെങ്കലവും നേടി.
അതേസമയം, ഇന്ത്യൻ താരങ്ങൾ വീണ്ടും നിരാശപ്പെടുത്തി. പുരുഷ ഹൈജംപ് യോഗ്യത റൗണ്ടിൽ സർവേഷ് അനിൽ കുഷാരെയും 400 മീറ്റർ ഹർഡ്ൽസ് ഹീറ്റ്സിൽ സന്തോഷ് കുമാർ തമിഴരശനും പുറത്തായി. ഹീറ്റ്സ് 50.46 സെക്കൻഡിൽ പൂർത്തിയാക്കിയ സന്തോഷിന് ആകെ പ്രകടനത്തിൽ 36ാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ സെമി ഫൈനലിലെത്താനായില്ല. ഹൈജംപിൽ 2.22 മീറ്റർ ആദ്യ ശ്രമത്തിൽതന്നെ മറികടന്ന സർവേഷ് 2.25 മീറ്റർ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രി വൈകി നടന്ന പുരുഷ ട്രിപ്ൾ ജംപിലും 1500 മീറ്റർ ഹീറ്റ്സിലും കാര്യമായൊന്നും ചെയ്യാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. ഫൈനലിലെത്താതെ എല്ലാവരും പുറത്തായി. ട്രിപ്ൾ ജംപിൽ മലയാളി അബ്ദുല്ല അബൂബക്കറിന്റെതാണ് കൂട്ടത്തിൽ മികച്ച പ്രകടനം. 17.15 മീറ്ററായിരുന്നു യോഗ്യത മാർക്ക്. അല്ലെങ്കിൽ ആദ്യ 12 പേർക്ക് ഫൈനൽ പ്രവേശനം എന്നതായിരുന്നു. അബ്ദുല്ല 16.61 മീറ്റർ ചാടി 15ാമതെത്തി. പ്രവീൺ ചിത്രവേൽ 16.38 മീറ്ററിൽ 20ഉം മറ്റൊരു മലയാളി താരം എൽദോസ് പോൾ 15.59 മീറ്ററിൽ 29ഉം സ്ഥാനക്കാരായി. 1500 മീറ്റർ ഹീറ്റ്സിൽ മൂന്ന് മിനിറ്റ് 38.24 സെക്കൻഡിൽ 13ാമതായി ഇന്ത്യയുടെ അജയ്കുമാർ സരോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

