വീണ്ടും വെള്ളി വെടിവെച്ചിട്ട് വിദർശ; മാരത്തണിൽ ചരിത്രമെഴുതി സാവൻ ബർവാൾ
text_fieldsവിദർശ കെ. വിനോദ്, സാവൻ ബർവാൾ
നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ സ്വന്തമാക്കി മലയാളി താരം വിദർശ കെ. വിനോദ്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ വെള്ളി മെഡലാണ് താരം സ്വന്തമാക്കിയത്. തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരോടൊപ്പമാണ് താരത്തിന്റെ മെഡൽ നേട്ടം. ശക്തമായ പോരാട്ടത്തിനൊടുവിൽ ആകെ 1,763 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഇത് ഷൂട്ടിംഗിൽ ഇന്ത്യയുടെ 11-ാം മെഡലാണ്.
1,773 പോയിന്റോടെ ഗെയിംസ് റെക്കോർഡ് സമനിലയിലാക്കിയ ചൈന സ്വർണം നേടി. 1,754 പോയിന്റുമായി കസാഖിസ്താൻ വെങ്കലവും കരസ്ഥമാക്കി.
മികച്ച പ്രകടനം കാഴ്ചവെച്ച് വിദർശ വിനോദും തിലോത്തമ സെന്നും വ്യക്തിഗത വിഭാഗം ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടിൽ തിലോത്തമ 590 പോയിൻറോടെ മൂന്നാം സ്ഥാനത്തും വിദർശ 588 പോയിൻറോടെ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്താണ് ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. 585 പോയിൻറുകൾ നേടിയ ആഷി ചൗക്‌സിക്ക് വ്യക്തിഗത ഫൈനൽ യോഗ്യത നേടാനായില്ല.
നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വെള്ളി നേടിയ വിദർശ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത താരമെന്ന ചരിത്രം സൃഷ്ടിച്ചിരുന്നു. ഇളവേനിൽ വാളറിവനും സോനം മസ്‌കറിനുമൊപ്പമാണ് താരം തന്റെ ആദ്യ മെഡൽ സ്വന്തമാക്കിയത്.
അതേസമയം, പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ ഇന്ത്യയുടെ സാവൻ ബർവാൾ ഇന്ത്യക്കായി ചരിത്ര വെള്ളി മെഡൽ കരസ്ഥമാക്കി. 2:11:37 മണിക്കൂറിൽ വ്യക്തിഗത മികച്ച സമയം കുറിച്ചാണ് താരത്തിന്റെ ഈ നേട്ടം. ഇത് ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ കഴിഞ്ഞ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണ്. 1982-ന് ശേഷം ആദ്യമായാണ് ഇന്ത്യ പുരുഷ മാരത്തണിൽ മെഡൽ നേടുന്നത്. അന്നത്തെ ഏഷ്യൻ ഗെയിംസിൽ ഹൊസൂർ കുക്കപ്പ സീതാറാം വെങ്കല മെഡൽ നേടിയിരുന്നു. ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും താരം സ്വന്തം പേരിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

