Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightചെസ് ലോകത്തെ...

ചെസ് ലോകത്തെ കണ്ണീരിലാഴ്ത്തി ഗ്രാൻഡ്മാസ്റ്റർ ഡാനിയേൽ ​നരോഡിറ്റ്സ്കിയുടെ മരണം; ഉത്തരവാദി മുൻ ലോകചാമ്പ്യൻ ക്രാംനികെന്ന് മലയാളി താരം നിഹാൽ സരിൻ

text_fields
bookmark_border
Naroditsky
cancel
camera_alt

വ്ലാദിമിർ ക്രാംനിക്, നിഹാൽ സരിൻ, ഡാനിയേൽ നരോഡിറ്റ്സ്കി


ന്യൂഡൽഹി: ലോകമെങ്ങുമുള്ള ചെസ് താരങ്ങളെയും ആരാധകരെയും ഞെട്ടിച്ച് അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഡാനിയേൽ നരോഡിറ്റ്സ്കിയുടെ മരണം.

ന്യൂയോർക്ക് ടൈംസിലെ കോളമിസ്റ്റ്, പ്രമുഖ ചെസ് കമന്റേറ്റർ, ഓൺലൈൻ പരിശീലകൻ എന്ന നിലയിൽ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഡാനിയേൽ നരോഡിറ്റ്സ്കി 29ാം വയസ്സിലാണ് ആരാധകരെ കണ്ണീരിലാഴ്ത്തി ഓർമയായത്. മരണ കാരണം വ്യക്തമല്ല.

ബ്ലിറ്റ്സിലെ മുൻനിര ലോകതാരം കൂടിയായ ഡാനിയയുടെ അപ്രതീക്ഷിത മരണം ചെസ് ലോകത്ത് പുതിയ വിവാദത്തിനും തിരികൊളുത്തി.

ഞായറാഴ്ച മരണപ്പെട്ടതായുള്ള കുടുംബത്തിന്റെ സ്ഥിരീകരണത്തിനു പിന്നാലെ വിശ്വനാഥൻ ആനന്ദ്, ​ജുഡിറ്റ് പോൾഗർ, ഹികാരു നകാമുറ തുടങ്ങിയ ലോകതാരങ്ങൾ അനുശോചിച്ചു. അമേരിക്കയിലെ ഷാർലറ്റ് ചെസ് ക്ലബ് പരിശീലകനും, ലോകമെങ്ങും ഫോളോവേഴ്സുമുള്ള പ്രമുഖ കമന്റേറ്റർ കുടിയാണ് ആരാധകരുടെ പ്രിയപ്പെട്ട ഡാനിയ.

അതേസമയം, 30ാം പിറന്നാൾ ആഘോഷത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ലോക പ്രശസ്ത താരത്തിന്റെ മരണം ചെസ് ലോകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

ഡാനിയേൽ നരോഡിറ്റ്സ്കിയുടെ അപ്രതീക്ഷിത മരണത്തിന് മുൻ ലോകചാമ്പ്യൻ കൂടിയായ റഷ്യൻ ഇതിഹാം വ്ലാദിമിർ ക്രാംനികാണ് ഉത്തരവാദി​യെന്ന് മലയാളി ചെസ് ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ആരോപണമുന്നയിച്ചു.

ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ എതിരാളിക്കെതിരെ മുൻതൂക്കം നേടും വിധം ഡാനിയ ചതിപ്രയോഗം നടത്തിയെന്ന് വ്ലാദിമിർ ക്രാംനിക് നടത്തിയ ആരോപണമാണ് താരത്തിന്റെ ജീവനെടുത്തതെന്നാണ് നിഹാലിന്റെ ആരോപണം. മത്സരത്തിനിടെ മറ്റൊരു സ്ക്രീനിൽ ​കമ്പ്യൂട്ടർ സഹായത്തോടെ ഗെയിം പ്ലാൻ ചെയ്ത് മുൻതൂക്കം നേടിയെന്നായിരുന്നു വ്ലാദിമിർ ക്രാംനിക് ഉന്നയിച്ചത്.

മുൻ ലോകചാമ്പ്യനും റഷ്യൻ ഇതിഹാസവുമായ ക്രാംനികിനെ, മരണത്തിനുത്തരവാദിയാക്കികൊണ്ട് നിഹാൽ സരിൻ പരസ്യമായ ആരോപണമുന്നയിച്ചതോടെ, നിരവധി താരങ്ങളും ആരാധകരും സമാന പ്രതികരണവുമായി രംഗത്തെത്തി.

സമീപ മാസങ്ങളിൽ നേരിട്ട അടിസ്ഥാനരഹിത ആരോപണങ്ങളും പരസ്യമായ ചോദ്യം ചെയ്യലുകളും ഡാനിയക്ക് വലിയ സമ്മർദ്ദവും വേദനയും ഉണ്ടാക്കിയതായി നിഹാൽ സരിൻ ‘എക്സ്’ പോസ്റ്റിലൂടെ വ്യക്തമാക്കി.

‘ബഹുമാന്യരായ വ്യക്തികൾ ഉത്തരവാദിത്തമില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ പ്രചരിപ്പിക്കുമ്പോൾ, ജീവിതങ്ങൾ നശിപ്പിക്കപ്പെടുന്നു. ആരോപണങ്ങൾ ഉയർന്ന ശേഷം ഡാനിയേലിന്റെ ചിരിയുടെ നിറംകെട്ടു. നാമെല്ലാവരും ഇത് കണ്ടതാണ്. ചെസ്സ് ലോകത്തിന് ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളിലൊന്ന് നഷ്ടപ്പെട്ടു. നമ്മുടെ കളിയെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രാപ്യമാക്കിയ ഒരാൾ. ഡാനിയ, നീ ഇതിലും മികച്ചത് അർഹിക്കുന്നു’ -വൈകാരികമായ വാക്കുകളിലൂടെ നിഹാൽ സരിൻ പ്രതികരിച്ചു.

ക്രാംനികിന്റെ ആരോപണങ്ങളോട് ‘അഴുക്കിനെക്കാൾ മോശം’ എന്നായിരുന്നു ത​െൻർ പോഡ്കാസ്റ്റിലൂടെ ഡാനിയ ആദ്യം പ്രതികരിച്ചത്.

ലോകമെങ്ങും ലക്ഷങ്ങൾ പിന്തുടുരന്ന താരം എന്ന നിലയിൽ തനിക്കെതിരായ അവാസ്ഥവമായ ആരോപണത്തിൽ ഡാനിയ കടുത്ത നിരാശയിലായിരുന്നുവെന്നും ചെസ് ലോകത്തെ മുൻനിര താരങ്ങൾ പ്രതികരിച്ചു.

അതിനിടെ, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ​മുൻ നിര ചെസ് താരങ്ങൾക്കെതിരെ മോശം ഭാഷയും, പ്രകോപനപരമായ ആരോപണങ്ങളും ഉന്നയിക്കുന്ന ക്രാംനികിന്റെ പെരുമാറ്റവും ഡാനിയേൽ ​നരോഡിറ്റ്സ്കിയുടെ മരണത്തിനു പിന്നാലെ ചർച്ചയായി.

അമേരിക്കൻ ലോക ഒന്നാം നമ്പർ താരം ഹികാരു നകാമുറ, ഡച്ച് താരം അനിഷ് ഗിരി തുടങ്ങിയ താരങ്ങളും ക്രാംനികിന്റെ ശൈലിയെ വിമർശിച്ചു.

ഡാനിയയുടെ മരണത്തിനു പിന്നാലെ ലോകതാരങ്ങളെല്ലാം അനുശോചിച്ച് രംഗത്തു വന്നപ്പോൾ, സധൈര്യം കാര്യങ്ങൾ തുറന്നു പറഞ്ഞ് ​ക്രാംനികിനെ പ്രതിസ്ഥാനത്തു നിർത്തിയ നിഹാൽ സരിന് പ്രശംസയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെസ് ആരാധകരാണ് രംഗത്തെത്തിയത്.

‘അക്ഷരാർത്ഥത്തിൽ അയാൾ (ക്രാനിക്) ജീവൻ എടുത്തതുപോലെയാണ്. ഡാനിയയുടെ അവസാന മത്സരം എനിക്കെതിരെയായിരുന്നു. ആ ദിവസം, രാവിലെയും രാത്രിയിലും കളിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാരണം കടുത്ത സമ്മർദ്ദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ക്രാംനിക്കിന്റെ നേതൃത്വത്തിൽ നടന്ന കുറ്റപ്പെടുത്തലിൽ മറ്റു പലരും പങ്കുചേർന്നു. അവൻ അനുഭവിച്ച വേദന എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. പക്ഷേ, അവൻ എല്ലാം നേരിടാൻ കരുത്തുള്ള ആളാണെന്നാണ് ഞാൻ കരുതിയത്. അവൻ ഇത്ര എളുപ്പത്തിൽ ബാധിക്കപ്പെടുമെന്ന് ഞാൻ കരുതിയില്ല’ -‘ഇന്ത്യൻ എക്സ്പ്രസിനോടായി’ നിഹാൽ പ്രതികരിച്ചു.

അതേസമയം, മരണ വാർത്തക്കു പിന്നാലെ ഡാനിയയെ അധിക്ഷേപിക്കുന്ന പോസ്റ്റുമായാണ് ക്രാംനിക് രംഗത്തെത്തിയത്. അവസാന ​സ്ട്രീമിങ്ങിനിടെ ഡാനിയ ലഹരി ഉപയോഗിച്ചതായി സംശയിച്ചുവെന്ന് ആരോപിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ക്രാംനികിന്റെ പ്രതികരണം.

വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ​​ക്രാംനിക് ചൂണ്ടികാട്ടി.

2007ൽ അണ്ടർ 12 ലോകചാമ്പ്യൻഷിപ്പ് കിരീടമണിഞ്ഞുകൊണ്ടാണ് ഡാനിയ ​നരോഡിറ്റ്സ്കി ആദ്യമായി ലോക ശ്രദ്ധയിലെത്തുന്നത്. 14ാം വയസ്സിൽ ശ്രദ്ധേയമായ ചെസ് പുസ്തകരം പ്രസിദ്ധീകരിച്ചുകൊണ്ട് താരം പ്രശംസ പിടിച്ചുപറ്റി. 2013ൽ ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്ക് ഉയർന്ന താരം ചെസ് പരിശീലനത്തിലും കമന്ററിയിലും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. സ്വന്തം യൂടൂബ് ചാനലിന് അഞ്ച് ലക്ഷം കാഴ്ചക്കാരും, ട്വിച്ച് സ്ട്രീമിങിൽ 3.40 ലക്ഷം ഫോ​ളോവേഴ്സുമുണ്ട്.

ഓൺലൈനിൽ ചെസിനെ കൂടുതൽ പ്രചാരത്തിലേക്ക് നയിച്ച താരമെന്നായിരുന്നു ഡാനിയയെ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ വിശേഷിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessnihal saringrand masterSports News
News Summary - US chess grandmaster Daniel Naroditsky dies aged 29
Next Story