പാരലിമ്പിക്സ് ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക്; ആകെ മെഡൽ 17
text_fieldsപ്രമോദ് ഭാഗത്, മനോജ് സർക്കാർ
ടോക്യോ: പാരാലിമ്പിക്സിൽ പ്രമോദ് ഭാഗതിലൂടെ ഇന്ത്യക്ക് നാലാം സ്വർണം. ശനിയാഴ്ച നടന്ന പുരുഷ വിഭാഗം സിംഗിൾസ് (എസ്.എൽ3) ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെതലിനെ തോൽപിച്ചാണ് ഭഗത് സ്വർണം സ്വന്തമാക്കിയത്. സ്കോർ: 21-14, 21-17.
പാരലിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു ഇത്. ഇന്ത്യയുടെ തന്നെ മനോജ് സർക്കാർ വെങ്കലം കൂടി നേടിയതോടെ രണ്ട് ഇന്ത്യൻ താരങ്ങളാണ് പോഡിയത്തിൽ അണിനിരന്നത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡൽ നേട്ടം 17ആയി. ജപ്പാന്റെ ഡെയ്സുകെ ഫുജിഹാരയെയായിരുന്നു പ്രമോദ് സെമിയിൽ തോൽപിച്ചത്.
45 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ഭഗത് 21 മിനിറ്റിൽ ആദ്യ ഗെയിമും 24 മിനിറ്റിൽ രണ്ടാം ഗെയിമും സ്വന്തമാക്കി. അവനി ലേഖാര (ഷൂട്ടിങ്), മനീഷ് നർവാൾ (ഷൂട്ടിങ്), സുമിത് ആന്റിൽ (ജാവലിൻ ത്രോ) എന്നിവരാണ് ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ താരങ്ങൾ.

