അണ്ടർ-19 ബാഡ്മിന്റൺ ഒന്നാം റാങ്ക്; കൗമാര വിസ്മയമായി തസ്നീം മീർ
text_fieldsന്യൂഡൽഹി: അണ്ടർ-19 ലോക ഒന്നാംനമ്പർ പദവിയിലേക്ക് റാക്കറ്റേന്തി ഇന്ത്യൻ പെൺകൊടി. ബാഡ്മിന്റൺ ലോക ഫെഡറേഷന്റെ ഏറ്റവും പുതിയ പട്ടികയിലാണ് 10,810 പോയന്റുകളുമായി 16 കാരിയായ തസ്നീം മീർ സിംഗിൾസ് റാങ്കിങ്ങിൽ മൂന്നു പടികൂടി കയറി ഒന്നാമതെത്തിയത്.
ബൾഗേറിയൻ ജൂനിയർ ചാമ്പ്യൻഷിപ്, ആൽപ്സ് ഇന്റർനാഷനൽ, ബെൽജിയൻ ജൂനിയർ ഉൾപ്പെടെ 22 കിരീടങ്ങൾ ഇതിനോടകം നെഞ്ചോടുചേർത്ത ഗുജറാത്തി പെൺകൊടി അണ്ടർ-15, 17 വിഭാഗങ്ങളിൽ നേരേത്ത ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്. ആറാം വയസ്സിൽ റാക്കറ്റെടുത്ത തസ്നീമിന് തുടക്കത്തിൽ ആധികളുണ്ടായിരുന്നെങ്കിലും എല്ലായിടത്തുനിന്നും ലഭിച്ച നിറഞ്ഞ പിന്തുണയിൽ പതിയെ കളിയുടെ ലോകത്ത് അത്ഭുതങ്ങൾ കുറിക്കുകയായിരുന്നു.
കുഞ്ഞുമനസ്സ് താലോലിക്കുന്ന സൈനയും സിന്ധുവുംവരെ നേടാത്ത റെക്കോഡാണ് ഇതിനകം നേടിയതെന്നതാണ് സവിശേഷത. ഇരുവരും എത്തിപ്പിടിച്ച നേട്ടങ്ങളുടെ വഴിയെ നടന്ന് ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ സ്വപ്നം കാണുകയാണ് താരം.
അസം ബാഡ്മിന്റൺ അക്കാദമിയിലാണ് താരം പരിശീലനം നടത്തുന്നത്. ആൺകുട്ടികളുടെ വിഭാഗത്തിൽ മുമ്പ് ലക്ഷ്യ സെൻ, സിറിൽ വർമ, ആദിത്യ ജോഷി എന്നിവരൊക്കെയും ഒന്നാംനമ്പർ പദവി അലങ്കരിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

