തായ്പേയ് ഓപൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി തൻവി ശർമ
text_fieldsതായ്പേയ് സിറ്റി: തായ്പേയ് ഓപണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ കൗമാരതാരം തൻവി ശർമ. തായ്പേയ് ഓപൺ സൂപ്പർ 300 ബാഡ്മിന്റൺ കിരീടം ചൂടിയ 17കാരി ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി. വനിത സിംഗിൾസ് ഫൈനലിൽ വിയറ്റ്നാമിന്റെ തുയ് ലിൻ എൻഗുയേനിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-16, 21-16. തൻവിയുടെ കരിയറിലെ ആദ്യ ബി.ഡബ്ല്യു.എഫ് സൂപ്പർ 300 കിരീടവുമാണിത്.
ലോക 21ാം നമ്പർ താരമായ എൻഗുയേനിനെ വീഴ്ത്താൻ തൻവിക്ക് വേണ്ടിവന്നത് 36 മിനിറ്റ് മാത്രം. കഴിഞ്ഞവർഷം യു.എസ് ഓപൺ സൂപ്പർ 300 റണ്ണറപ്പായതായിരുന്നു ബി.ഡബ്ല്യു.എഫ് ടൂർണമെന്റിലെ ഇതുവരെയുള്ള മികച്ച പ്രകടനം. 2008ൽ സൈന നെഹ്‌വാളിന് ശേഷം ഒരു ഇന്ത്യൻ വനിതാതാരം തായ്പേയ് ഓപണിൽ കിരീടം നേടുന്നതും ഇതാദ്യം. ‘ഒരു കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇവിടെ പരമാവധി പ്രകടനം കാഴ്ചവെക്കണമെന്ന് കരുതിയിരുന്നു. ഓരോ ഘട്ടമായും ഓരോ മത്സരമായും മുന്നോട്ട് പോകാനാണ് ശ്രമിച്ചത്’ -പി.വി. സിന്ധുവിന്റെ മുൻ കോച്ച് പാർക്ക് ടേ-സാങ്ങിന്റെ കീഴിൽ പരിശീലിക്കുന്ന തൻവി പറഞ്ഞു. ‘സൂപ്പർ 500, 750 ടൂർണമെന്റുകളിൽ കളിക്കാൻ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതിനാൽ ഞാൻ കഠിനമായ പരിശ്രമം തുടരും’-താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

