സംസ്ഥാന സ്കൂൾ കായികോത്സവം: ഈ വെങ്കലത്തിന് ഇരട്ടി മധുരം; തട്ടകത്തിൽ യദുകൃഷ്ണ അഭിമാന താരം
text_fieldsജൂനിയർ 100 മീറ്ററിൽ വെങ്കലം നേടിയ യദുകൃഷ്ണ വി. നായർ
മാതാവിനും വലിയച്ഛനുമൊപ്പം
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സ്വന്തം തട്ടകത്തിലെ മാറ്റുരക്കലിൽ വെങ്കല മെഡൽ നേടാനായതിന്റെ ആഹ്ലാദത്തിലാണ് യദുകൃഷ്ണ വി. നായരും അധ്യാപകരും. സംസ്ഥാന മേളയിലെ ജൂനിയർ വിഭാഗത്തിൽ വേഗ ഓട്ടക്കാരിലാണ് വെങ്കലം നേടിയത്. ജില്ല കായിക മേളയിൽ ജൂനിയർ വിഭാഗം 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി വ്യക്തിഗത ചാമ്പ്യനായിരുന്നു യദുകൃഷ്ണ.
കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മികച്ച ഫുട്ബാൾ താരമായിരുന്ന യദുകൃഷ്ണന്റെ വേഗത കണ്ട കായികാധ്യാപകനാണ് ഓട്ട മത്സരത്തിൽ പരിശീലനം നൽകി വാർത്തെടുത്തത്. സ്വന്തം സ്കൂൾ മൈതാനത്തിലെ സിന്തറ്റിക് ട്രാക്കിൽ പൊരുതി മെഡൽ നേടുകയെന്ന സ്വപ്നമാണ് യദുകൃഷ്ണയിലൂടെ സാഫല്യമായത്.
വെങ്കലം നേടിയതോടെ സ്കൂൾ പരിസരം ആഹ്ലാദഭരിതമായി. സ്കൂളിലെ കുര്യക്കോസ്, ശ്രീനേഷ് എന്നിവരായിരുന്നു പരിശീലകർ. അരികന്നിയൂർ മുല്ലപ്പള്ളി വീട്ടിൽ വിജയകുമാർ - അഖില ദമ്പതികളുടെ മകനാണ്.

