‘ആരെങ്കിലും എന്നെ ഒന്ന് സഹായിക്കുമോ?... ഡിസ്കസ് ത്രോയിൽ റെക്കോഡോടെ സ്വർണം നേടിയ സോന മോഹൻ ചോദിക്കുന്നു
text_fieldsജൂനിയർ പെൺകുട്ടികളുടെ ഡിസ്ക്കസ് ത്രോയിൽ റെക്കോഡോടെ സ്വർണം നേടുന്ന സോന മോഹൻ
(ജി.എച്ച്.എസ്.എസ് കുട്ടമത്ത്,
കാസർകോട്)
തിരുവനന്തപുരം: യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഇരുണ്ടുമൂടിയ കാര്മേഘങ്ങള്ക്ക് കീഴില്‍ പെയ്തൊഴിയാത്ത കണ്ണുകളുമായി അവള് ട്രാക്കിലേക്കിറങ്ങി. മനസ്സ് നിറയെ ചോദ്യങ്ങളായിരുന്നു. പക്ഷേ ഒന്നിനും ഉത്തരമുണ്ടായിരുന്നില്ല. ഡിസ്കസ് ത്രോയിൽ സ്വർണം നേടുമെന്ന കാര്യത്തിൽ സോനക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിക്ക് വേണ്ടിയിരുന്നത് സാധാരണ വിജയമായിരുന്നില്ല. നാലാളറിയുന്ന വിജയം, മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന വിജയം. കാരണം ഇത്തവണ അവൾ സംസ്ഥാന കായികമേളയിൽ മത്സരിക്കാനെത്തിയത് നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാർ സഹായമായി നൽകിയ പണവുമായാണ്.
ഒടുവിൽ ആഗ്രഹിച്ചത് തന്നെ സോന നേടി. ജൂനിയർ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ തൃശൂർ സ്വദേശി അതുല്യ ഏഴ് വർഷം മുൻപ് സ്ഥാപിച്ച 37.73 മീറ്റർ റെക്കോഡ് 38.64 മീറ്ററിലേക്ക് തിരുത്തിയാണ് സോന സ്വർണം നേടിയത്. കെ.സി. ഗിരീഷിന്റെ ശിക്ഷണത്തിലാണ് സോന മികച്ച പ്രകടനം പുറത്തെടുത്തത്.
ഓട്ടോ ഡ്രൈവറായ അച്ഛൻ മോഹനന്റെ വരുമാനമാണ് സോനയും അമ്മ സൗമ്യയും സഹോദരി നിഹാരികയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. രാജ്യം അറിയപ്പെടുന്ന കായികതാരമായി മാറണമെന്ന മകളുടെ സ്വപ്നത്തിന് വേണ്ടി വീട് നിർമാണത്തിനായി സ്വരുക്കൂട്ടിയ പണം ആദ്യം എടുത്തു. പക്ഷേ അതും തികയാതെ വന്നു. ദേശീയ മത്സരങ്ങൾക്ക് യോഗ്യത നേടിയതോടെ പലരോടും കൈനീട്ടേണ്ടിവന്നു. ഇത്തവണ ഭൂവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതിന് വിമാന ടിക്കറ്റ് ഇനത്തിൽ മാത്രം 60,000 രൂപയായിരുന്നു ചെലവ്. കായിക വകുപ്പോ സ്പോർട്സ് കൗൺസിലോ ഒരുരൂപപോലും സഹായിച്ചില്ല. സൗമ്യ ചിട്ടി പിടിച്ച കാശുകൊണ്ടാണ് മകളെ യാത്രയാക്കിയത്. ഇത്തവണ സംസ്ഥാന കായികമേളക്ക് വരാനും കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല.
ഒടുവിൽ കാരിയില്‍ വി.വി മെമ്മോറിയൽ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലെ ഒരുകൂട്ടം ചെറുപ്പക്കാർ മോഹനന്റെ പോക്കറ്റിൽ വച്ചുകൊടുത്ത 10,000 രൂപയാണ് സോനയെ തലസ്ഥാനത്തെത്തിച്ചതും മീറ്റ് റെക്കോഡിനുടമയാക്കിയതും. ഇനി ദേശീയ സ്കൂൾ മീറ്റിനും അതിന് ശേഷമുള്ള ഖേലോ ഇന്ത്യ മത്സരങ്ങൾക്കും പങ്കെടുക്കേണ്ടതുണ്ട്. പക്ഷേ വിൽക്കാൻ സോനക്കും കുടുംബത്തിനും ബാക്കിയുള്ളത് ജീവനോപാധിയായ അച്ഛൻ മോഹനനന്റെ ‘പൊന്നൂസ്’ എന്ന ഓട്ടോ മാത്രമാണ്. ‘എനിക്ക് ഏഷ്യന്‍ ഗെയിസിലും ഒളിമ്പിക്സിലുമൊക്കെ മെഡല്‍ നേടണമെന്ന് ആഗ്രഹമുണ്ട്. എന്നെ സഹായിക്കാൻ ആരെങ്കിലും തയാറാകുമോ?’-നിറഞ്ഞ കണ്ണുകളോടെ സോന കായിക കേരളത്തോട് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

