വേഗറാണിയായി ഷെല്ലി ആൻ ഫ്രേസർ; ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ പുതിയ റെക്കോർഡ്
text_fieldsഎലൈൻ തോംപ്സൺ, ഷെല്ലി ആൻ ഫ്രേസർ, ഷെറീക്ക ജാക്സൺ എന്നിവർ
യൂജീൻ: നാല് വയസ്സുകാരൻ സിയോണിന്റെ അമ്മക്ക് വരുന്ന ഡിസംബറിൽ 36 തികയും. ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് 100 മീറ്റർ ഫൈനലിൽ മത്സരിക്കാനിറങ്ങുമ്പോൾ അവരുടെ ലക്ഷ്യം തുടർച്ചയായ അഞ്ചാം സ്വർണമായിരുന്നു. ലോകത്തെ അതിവേഗ വനിതയായി ഷെല്ലി ആൻ ഫ്രേസർ പ്രൈസ് ഒരിക്കൽകൂടി ഫിനിഷ് ചെയ്യുമ്പോൾ കൂടെ പോന്നു റെക്കോഡും. 1999ൽ മരിയൻ ജോൺസ് ലോക ചാമ്പ്യൻഷിപ്പ് റെക്കോഡിട്ടത് 10.70 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണെങ്കിൽ ഷെല്ലി ആൻ ഫ്രേസർ വര കടന്നത് 10.67 സെക്കൻഡിൽ. ട്രാക്കിനങ്ങളിൽ തുടർച്ചയായ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിയവർ ജമൈക്കക്കാരി ഷെല്ലിയല്ലാതാരുമില്ല. നാട്ടുകാരനായ ഉസൈൻ ബോൾട്ടിന് പോലും കൈവശം മൂന്നേയുള്ളൂ. 100 മീറ്റർ ഫൈനലിൽ ജമൈക്കയുടെ തന്നെ ഷെറിക്ക ജാക്സൻ (10.73) വെള്ളിയും എലൈൻ തോംപ്സൻ ഹെറാഹ് (10.81) വെങ്കലവും നേടി തൂത്തുവാരി.
2009ൽ ബർലിനിൽ തുടങ്ങിയതാണ് ഷെല്ലിയുടെ പൊൻകുതിപ്പ്. '13ലും '15ലും '19ലും എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. 200 മീറ്ററിലും 4x100 റിലേയിലുമായി അഞ്ച് സ്വർണ മെഡലുകൾ വേറെയും നേടി ലോക ചാമ്പ്യൻഷിപ്പിൽ. കഴിഞ്ഞ തവണ ദോഹയിൽ ഇറങ്ങുമ്പോൾ കൈക്കുഞ്ഞായിരുന്നു സിയോൺ. മാതൃത്വത്തിന്റെ ജയം എന്നാണ് അന്നത്തെ സ്വർണ നേട്ടത്തെ ഷെല്ലി വിശേഷിപ്പിച്ചത്. ഒളിമ്പിക്സിൽ മൂന്ന് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും കഴുത്തിലണിഞ്ഞയാളാണ് ഷെല്ലി. കഴിഞ്ഞ വർഷം ടോക്യോയിൽ നേരിയ വ്യത്യാസത്തിൽ രണ്ടാമതായിപ്പോയതിന്റെ ക്ഷീണവും ലോക ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ തീർത്തു. ''എല്ലാവരും എന്റെ പ്രായത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അത് ജീവിതയാത്രയുടെ ഭാഗമാണ്. എല്ലാത്തിനെയും പോസിറ്റിവായി മാത്രം കണ്ട് കൂടുതൽ വേഗം കൈവരിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഞാൻ. എന്നിൽ വിശ്വാസമുള്ളിടത്തോളം ഞാനതിന് വേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കും'' -മത്സരശേഷം ഷെല്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

