ഇവൾ കേരളത്തിന്റെ സ്വർണമത്സ്യം
text_fieldsതിരുവനന്തപുരം: ഇന്ത്യൻ നീന്തൽകുളത്തിൽ സ്വർണം കൊണ്ട് വിസ്മയം തീർക്കുന്ന സുവർണ മത്സ്യം ലിയാന ഫാത്തിമ ഉമ്മർ ഒളിമ്പിക്സ് സ്വപ്നങ്ങളുമായി വീണ്ടും നീന്തുന്നു. 17 വയസ്സിനിടയിൽ 18 സംസ്ഥാന റെക്കോഡുകളും അഞ്ച് സി.ബി.എസ്.സി റെക്കോഡുകളും സ്വന്തമായുള്ള ഈ കാസർകോടുകാരി പ്രഥമ കേരള ഗെയിംസിൽ ഇതിനോടകം മൂന്ന് സ്വർണം മുങ്ങിയെടുത്താണ് മൂന്ന് വർഷത്തിന് ശേഷമുള്ള തെൻറ തിരിച്ചുവരവ് ആഘോഷമാക്കിയത്. പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർ ഫ്ലൈ സ്ട്രോക്കിലും 100 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളിയാഴ്ച്ച സ്വർണം നേടിയ താരം ഇന്നലെ 100 മീറ്റർ ബട്ടർ ഫ്ലൈസിലും ഒന്നാമത്തെത്തിയാണ് ചാമ്പ്യൻഷിപ്പിലെ ആദ്യ 'ട്രിപിൾ' തികച്ചത്.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എറണാകുളം ഗ്ലോബൽ സ്കൂളിലെ നീന്തൽ കോച്ചും അധ്യാപികയുമായ ഭാഗ്യ നീന്തലിൽ ലിയാനയുടെ കഴിവ് തിരിച്ചറിയുന്നത്. അതുവരെ വെള്ളം കണ്ടാൽ പേടിക്കുന്ന പെൺകുട്ടി എങ്ങനെ നീന്തൽ പഠിച്ചെന്നായിരുന്നു ടീച്ചറിെൻറ ഫോൺ കോൾ ലഭിച്ചപ്പോൾ പിതാവ് ഉമ്മർ നിസാറിനും മാതാവ് റാഹിലക്കുമുണ്ടായ അദ്ഭുതം. പക്ഷേ, പിന്നീടുള്ള വർഷങ്ങൾ ഈ പെൺകുട്ടി ഓളപ്പരപ്പിൽ തീർത്തത് ചരിത്രം. 11ാം വയസ്സിൽ സി.ബി.എസ്.എസി ദേശീയ മീറ്റിൽ രണ്ട് ദേശീയ റെക്കോഡ് അടക്കം മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി. 2016ലെ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ 30 വർഷത്തിന് ശേഷം കേരളത്തിന് നീന്തലിൽ സ്വർണം സമ്മാനിച്ച സുവർണതാരമായി ലിയാന മാറി.
2017ൽ പിരപ്പൻകോട് നടന്ന സംസ്ഥാന ജൂനിയർ അക്വാട്ടിക് മീറ്റിൽ 50, 100, 200 മീറ്റർ ബട്ടർ ഫ്ലൈസിലും 50,100 മീറ്റർ ഫ്രീ സ്റ്റൈയിലിലും സംസ്ഥാന റെക്കോഡോടെ അഞ്ച് സ്വർണമാണ് താരം നേടിയത്. 72ാമത് സംസ്ഥാന സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ റെക്കോഡോടെയുള്ള മെഡൽ നേട്ടം സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ വനിത നീന്തൽ താരമെന്ന ഖ്യാതിയിലേക്ക് ലിയാനയെ എത്തിച്ചു. 14ാം വയസ്സിൽ താരം തീർത്ത ആ റെക്കോഡ് ഇന്നും ഓളപ്പരപ്പിൽ തകർക്കാൻ കഴിയാതെ കിടക്കുന്നുണ്ട്.
ആ വർഷംതന്നെ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ലിയാനയുടെ പ്രകടനം കേരള കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. 50 മീറ്റർ ബട്ടർഫ്ലൈസിൽ രാജ്യത്തെ ഒളിമ്പ്യന്മാരോട് മത്സരിച്ച് വെങ്കലം നേടിയതോടെ ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തിനായി മെഡൽ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടം ഈ കാസർകോടുകാരിയുടെ പേരിലായി. ഇന്ന് 50 മീറ്റർ ഫ്രീസ്റ്റൈൽ 50 മീറ്റർ ബട്ടർഫ്ലൈസ് ഫൈനലിലും ലിയാന ഇറങ്ങുന്നുണ്ട്, സ്വർണനേട്ടം അഞ്ചായി ഉയർത്താൻ.-