സ്കൂൾ കായികമേള: ദീർഘദൂര ട്രാക്കുകളിൽ പാലക്കാടൻ പെരുമ; നാല് വിഭാഗങ്ങളിലായി 3000 മീറ്ററിൽ കൊയ്തത് എട്ട് മെഡലുകൾ
text_fieldsമെഡലുകൾ വാരിക്കൂട്ടിയ പാലക്കാട് ടീം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ദീർഘദൂര ഓട്ട മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി പാലക്കാട്. വ്യാഴാഴ്ച അതിരാവിലെ നടന്ന നാല് 3000 മീറ്റർ ഇനങ്ങളിലും പാലക്കാടിന്‍റെ സമഗ്രാതിപത്യമായിരുന്നു. നാല് വിഭാഗങ്ങളിലും നേടിയ സ്വർണത്തിന് പുറമെ മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് തങ്ങളുടെ പേരിൽ കുറിച്ചു.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് പറളി ഹയർ സെക്കണ്ടറി സ്കൂളിലെ എം. ഇനിയ സ്വർണ്ണം നേടി. പാലക്കാടിന്റെ തന്നെ ജി. അക്ഷയക്കാണ് വെള്ളി മെഡൽ. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലും സ്വർണവും വെള്ളിയും പാലക്കാടിന് തന്നെയായിരുന്നു. മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ എസ്. ജഗന്നാഥൻ സ്വർണ്ണവും, പ്ലസ് ടു വിദ്യാർത്ഥിയായ ബി. മുഹമ്മദ് ഷബീർ വെള്ളിയും നേടി.
ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ മുണ്ടൂർ സ്കൂളിലെ എസ്. അർച്ചന സ്വർണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തിൽ അർച്ചനയായിരുന്നു ജേതാവ്. ഈ ഇനത്തിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസിലെ എം. അഭിശ്രീയാണ് വെങ്കലം നേടിയത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സ്വർണ്ണവും വെള്ളിയും പാലക്കാട് വിട്ടുകൊടുത്തില്ല.
പറളി എച്ച്.എസ്. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സി.പി. ആദർശ് സ്വർണ്ണവും, ചിറ്റൂർ ജി.എച്ച്.എസ്.എസിലെ സി.വി. അരുൾ വെള്ളിയും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

